തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1:25 എന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയെന്നും സമരക്കാര്‍പറഞ്ഞു. അനുപാതം കുറയ്ക്കാതെ ലിസ്റ്റിന്റെ കാലാവധി നീട്ടിനല്‍കിയിട്ടും തങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു രീതിയിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. ആകെ അഞ്ച് ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നിട്ടും സര്‍ക്കാര്‍ ഇതിനോട് യോജിക്കാന്‍ തയ്യാറായിട്ടില്ല. 1:25 എന്ന റേഷ്യോ മാറ്റാതെ ലിസ്റ്റിലുള്ള ആര്‍ക്കും ജോലി ലഭിക്കില്ലെന്നും റേഷ്യോ കുറയ്ക്കാതെ ചര്‍ച്ച വിജയകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
ഞങ്ങള്‍ ഇത്രയൊക്കെ ചെയ്തു തന്നില്ലേ, കഴിഞ്ഞ സര്‍ക്കാര്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തു തന്നിരുന്നോ എന്ന ചോദ്യങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. എയ്ഡഡ് മേഖലയില്‍ പണം കൊടുത്താല്‍ ജോലി ലഭിക്കുന്ന അവസ്ഥയാണെന്നും കോഴ വാങ്ങിച്ച് നിയമനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ തസ്തികകളും പിഎസ്‌സിക്ക് വിടണമെന്ന ആവശ്യം കൂടി മുന്നോട്ടുവ്ച്ചു നാളെ മുതല്‍ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.




