തിരുവനന്തപുരത്തെ SFI-യൂത്ത് കോണ്‍?ഗ്രസ് സംഘര്‍ഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് അദേഹം പറഞ്ഞു. എസ്എഫ്ഐക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. ഹോസ്റ്റലിനകത്തെ വിദ്യാര്‍ഥികള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ആക്രമണം നടന്നതെന്ന് ഉറപ്പാണ്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും നേരത്തെയും ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ആക്രമണമാണ് ഇന്ന് നടന്നത്. തീപ്പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞു. പൊലീസിനും മറ്റൊന്നും പറയാനില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പരുക്കേറ്റവര്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവരെ തടയാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായി. ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനെത്തിയവരെയും തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് പോയ വിദ്യാര്‍ഥികളെ വീണ്ടും ആക്രമിച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിക്കടക്കം പരുക്കേറ്റു. ഇത് കാടത്തമാണെന്നും ഒരു സംഘടനയും നടത്താന്‍ പാടില്ലാത്ത ആക്രമണമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. മാര്‍ച്ചിന് നേരെ കേരള യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.എന്നാല്‍, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്‌ഐയും ആരോപിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നില്‍ ഇരു വിഭാഗവും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ഹോസ്റ്റലിന് അകത്ത് പ്രവേശിച്ച പൊലീസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. സംഘര്‍ഷത്തില്‍ ട്വന്റിഫോര്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ജിബിന്‍ ജെ.ബിക്കും പരുക്കേറ്റു. സിപിഐഎം നേതാക്കളായ വി ശിവന്‍കുട്ടി, പികെ ശ്രീമതി, സിപിഐ നേതാവ് വി ജോയി എന്നിവര്‍ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Scroll to Top