രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടാം ബലാത്സംഘ കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. രാഹുല്‍ സ്ഥിരം കുറ്റവാളിയെന്നും ഹര്‍ജിയില്‍ പറയുന്നു.തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമര്‍ശങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്.
കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.




