കുമ്പള.കുമ്പള പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ക്രമക്കേടിലൂടെ പണം അടിച്ചു മാറ്റിയ അക്കൗണ്ടിനെ സംരക്ഷിക്കാനുള്ള പെടാപാടിനിടയില്‍ പച്ചക്കള്ളങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ് ബി.ജെ.പി ഉന്നയിക്കുന്നതെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പ് നടത്തിയ അക്കൗണ്ടന്റുമായി ബി.ജെ.പി അംഗങ്ങള്‍ക്ക് ഉറ്റ ചങ്ങാത്തമാണ്.
അതു കൊണ്ടാണ് അവര്‍ അദ്ദേഹത്തെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത്.
ഭരണ സമിതി വിജിലന്‍സില്‍ പരാതി നല്‍കിയതോടെ ഇളിഭ്യരായ ബി.ജെ.പിക്കാര്‍ ജാള്യത മറക്കാനാണ് വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്.
പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരിലാണ് പരാതി ഉയര്‍ന്നത്.
ഇക്കാര്യത്തില്‍ ഭരണസമിതി,വിശേഷിച്ച് പ്രസിഡന്റ് കര്‍ശന നടപടി കൈക്കൊള്ളുകയാണ് ചെയ്തത്.
ഉദ്യോഗസ്ഥനെതിരേ വകുപ്പ് മേധാവികള്‍ക്കും, വിജിലന്‍സിലും പരാതി നല്‍കിയിട്ടുമുണ്ട്.
കൂടുതല്‍ അന്വേഷണം നടന്നു വരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ വിശദപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ഭരണസമിതിക്കെതിരേ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥ അഴിമതികള്‍ നടന്നിട്ടുണ്ട്. അതില്‍ അതാത് ഭരണ സമിതികള്‍ ഉത്തരവാദികളെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇത്തരം ഉദ്യോഗസ്ഥ അഴിമതി നടന്നാല്‍ പ്രസിഡന്റും മറ്റും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും മുസ് ലിം ലീഗ് നേതാക്കള്‍ ആരാഞ്ഞു. ഇതിന് സമാനമായ സംഭവം മധൂര്‍ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത ഇനത്തില്‍ 25000 രൂപയില്‍ താഴെ ചിലവ് വന്നതിന് പഞ്ചായത്ത് സെക്രട്ടറി തന്നെ എട്ടര ലക്ഷം രൂപ വിവിധ ബില്ലുകളിലായി എഴുതിയെടുത്തിട്ടുണ്ട്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്ന് വരുന്നുണ്ട് ഉദ്യാഗസ്ഥര്‍ ചെയ്ത തെറ്റിന് പ്രസിഡന്റ് രാജിവെക്കേണ്ടി വന്നാല്‍ ആദ്യം രാജിവെക്കേണ്ടത് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അല്ലേയെന്നും ലീഗ് നേതാക്കള്‍ ചോദിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്പളയിലടക്കമുണ്ടായ വോട്ട് ചോര്‍ച്ചയില്‍ നാണം കെട്ട ബി.ജെ.പി ഇതു മറച്ചു പിടിക്കാനാണ് തിരക്കഥകളുമായി യൂ ഡി എഫിനെതിരെ വരുന്നത്.
കുമ്പള പഞ്ചായത്തില്‍ ബി.ജെ.പിക്കുള്ളില്‍ രൂപപെട്ട ഗ്രൂപ്പ് പോര് അവസാനിപ്പിക്കലാണ് ഇത്തരം ആരോപണങ്ങള്‍ കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്.
വികസന ജനക്ഷേമ പദ്ധതികളുമായി പോകുന്ന ഭരണ സമിതിയുടെ ആത്മവീര്യം തകര്‍ക്കാന്‍ വസ്തുതക്ക് നിരക്കാത്ത ഇത്തരം ആരോപണങ്ങള്‍ക്കാകില്ല.
കുമ്പള നഗരത്ത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തില്‍ ഷോപ്പിങ് കോംപ്ലക്‌സ്, ബസ് വെയിറ്റിങ് ഷെല്‍ട്ടര്‍, ആധുനിക മത്സ്യ മാര്‍ക്കറ്റ് ടൗണിന് ഗുണകരമാകുന്ന രീതിയില്‍ ട്രാഫിക് പരിഷ്‌കാരം അടക്കമുള്ളവയുടെ പ്രവൃത്തി ആരംഭിക്കാനിരിക്കെ അക്കൗണ്ഡിനെ ഉപയോഗിച്ച് ബി.ജെ.പി തന്നെയാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടത്തിയെന്നാണ് സംശയിക്കുന്നത്.
കുമ്പള പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുത്ത ബി.ജെ.പിയാണ് ഇപ്പോള്‍ ലീഗിനെതിരേ സി.പി.എം ബാന്ധവവുമായി രംഗത്തുവരുന്നുവെന്നത് അപഹാസ്യമാണ്.
നേതാക്കന്മാരെ അകത്താക്കി
ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടേണ്ടി വന്ന സാഹചര്യം ബി.ജെ.പിക്കാര്‍ മറന്നാലും കുമ്പളയിലെ ജനങ്ങള്‍ മറക്കില്ല.
ഇടതുപക്ഷ യൂണിയനില്‍ അംഗമായ അക്കൗണ്ടന്റ് രാജേഷ് മുമ്പ് പാലക്കാട് നഗരസഭയില്‍ സഹപ്രവര്‍ത്തകയോട് മോഷമായി പെരുമാറിയതായി ആരോപണം ഉയര്‍ന്നിരുന്നു.
സ്ഥലം മാറ്റത്തിലൂടെ കുമ്പള പഞ്ചായത്തിലെത്തിയ അദ്ദേഹത്തിനെതിരേ വകുപ്പ് തല നടപടിയുണ്ടായ വിവരം ചൂണ്ടിക്കാട്ടി കത്ത് ലഭിച്ചിരുന്നു.കൂടാതെ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ പ്രവര്‍ത്തനത്തിലെ നിരുത്തരവാദപരമായ കാരണങ്ങള്‍ കൊണ്ട് ഭരണ സമിതി അദ്ദേഹത്തെ സസ്പെന്റ് ചെയ്തതുമാണ്.
ലക്ഷങ്ങള്‍ ക്രമക്കേട് നടത്തിയ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് യൂണിയന്‍ന്റേത്.അത് കൊണ്ടാണ് അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറാകാത്തത്. അതിനാല്‍ തന്നെ ഇതിനെതിരെ ഡി വൈ എഫ്‌ഐ സമരം ചെയ്യേണ്ടത് പരാതി നല്‍കീട്ടും ഇതുവരെ അന്ന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പോലീസിനെതിരെയും വിജിലന്‍സിനെതിരെയുമാണ്. അല്ലാതെ പഞ്ചായത്ത് ഓഫീസിലേക്കല്ലെന്നും നേതാക്കള്‍ പറഞ്ഞു
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി എം. അബ്ബാസ്, മഞ്ചേശ്വരം നിയോജക മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ബി.എന്‍ മുഹമ്മദ് അലി, ജന.സെക്രട്ടറി യൂസുഫ് ഉളുവാര്‍, ട്രഷറര്‍ ഗഫൂര്‍ എരിയാല്‍ സംബന്ധിച്ചു.