ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ സമരമുഖത്ത് നിന്ന് പിന്‍വാങ്ങാതെ ഇന്ത്യാ സഖ്യം. ഡല്‍ഹിയില്‍ നാളെയും ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരും. മൂന്ന് മണിക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എത്താന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്‍കി. രാഷ്ട്രപതി ഭവനിലേക്കാണ് നാളെ പ്രതിഷേധം ഉണ്ടാകുക.
അതേസമയം, ഇന്ത്യ സഖ്യ പ്രതിഷേധത്തിന്റെ മൂന്നാംദിനം സമരകേന്ദ്രമായി തിരഞ്ഞെടുത്തത് ഗാന്ധി സമാധി രാജ്ഘട്ട് ആയിരുന്നു. ഡല്‍ഹി കൊണാട്ട് പ്ലേസിലെ റസ്റ്റോറന്റില്‍ നിന്ന് മൂന്ന് ബസിലായി എംപിമാരുടെ യാത്ര. രാജ്ഘട്ട് വരെയുള്ള വഴിയില്‍ ഇത്തവണ പൊലീസ് വിലങ്ങ് തടിയായില്ല. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സിനൊപ്പം നടന്നു.
രാജ്ഘട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാര്‍ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്‌നയും പ്രാര്‍ത്ഥനയും നടത്തി. തികച്ചും സമാധാനപരമായിരുന്നു സമരാന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതുപോലെ കേന്ദ്രസേനകളുടെ വിന്യാസവും ഉണ്ടായിരുന്നില്ല.രാജ്ഘട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വന്തം വാഹനത്തില്‍ മടങ്ങി. എന്നാല്‍ പ്രതിഷേധം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്ന് എംപിമാര്‍ പ്രതികരിച്ചു. വരുന്ന മണിക്കൂറുകളിലും രാജ്യത്തെ പ്രതിപക്ഷം സമരമുഖത്ത് ഉണ്ടാകും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കൂടുതല്‍ കടുപ്പിക്കുകയാണ് സമര മാര്‍ഗത്തിലൂടെ പ്രതിപക്ഷം.
