തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. പോളിങ്ങില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനത്തിന്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഇടത് മുന്നണിക്കാണ് മുന്‍തൂക്കം.

ഇടത് മേധാവിത്വം തകര്‍ത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഏഴ് വടക്കന്‍ ജില്ലകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം.

Scroll to Top