ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂര്‍ മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യന്‍, ജോണ്‍സണ്‍, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതില്‍ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂര്‍ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
Read Also: ആലുവയില്‍ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി; ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍
ബിജുവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമര്‍പ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.