എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസ്: പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ടു
2014 ഡിസംബര്‍ 22നാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ പിതാവിന്റെ കണ്‍മുന്നിലിട്ടായിരുന്നു കൊലപാതകം.
കാസര്‍കോട്: കാസര്‍കോട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് (24) വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. 12 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) വിധി പ്രസ്താവിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഉദയന്‍, പ്രശാന്ത്, മഹേഷ്, അനില്‍കുമാര്‍, ജ്യോതിഷ് തുടങ്ങിയവരടക്കം 21 പേരാണ് കേസിലെ പ്രതികള്‍. വിചാരണയ്ക്കിടെ എട്ടാം പ്രതിയായ ജ്യോതിഷ് മരിച്ചിരുന്നു. 2014 ഡിസംബര്‍ 22നാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ പിതാവിന്റെ കണ്‍മുന്നിലിട്ടായിരുന്നു കൊലപാതകം. രാത്രി പത്ത് മണിയോടെ കടയടച്ച് പോകാനുള്ള തയാറെടുപ്പിനിടെ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്നു ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി രണ്ടു വര്‍ഷം മുമ്പ് കര്‍ണാടകയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ മരിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
