Advertisement

മയങ്കര സുബ്രഹ്‌മണ്യ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം: ഉപസമിതികളുടെ യോഗം ചേര്‍ന്നു

By kcnchannel / October 17, 2026

ചെര്‍ക്കള:-ബേവിഞ്ച മയങ്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി, വിവിധ ഉപസമിതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായി ക്ഷേത്രാങ്കണത്തില്‍ വെച്ച് യോഗം ചേര്‍ന്നു.
ഡിസംബര്‍ 18 മുതല്‍ 27 വരെ ബ്രഹ്‌മശ്രീ കുണ്ടാര്‍ വാസുദേവ തന്ത്രികളുടെ ദിവ്യകാര്‍മ്മികത്വത്തില്‍ നടക്കും.

മഹോത്സവ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ഗിരിധരന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഉത്സവത്തിന്റെ വിജയത്തിനായി എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും സേവനവും ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ഗോവിന്ദ ബള്ളമൂല ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച ഉപസമിതികള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികളെക്കുറിച്ച് വിശദമായി സംസാരിച്ചു.
ക്ഷേത്ര ഭരണാധികാരികളായ വിഷ്ണുമൂര്‍ത്തി കക്കില്ലായ, ഗോപാലകൃഷ്ണ കക്കില്ലായ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു .ആത്മീയവും വ്യവസ്ഥാപിതവുമായ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ബി. കെ. വിജയന്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ ജയരാജ കുനിക്കുള്ളായ ജലവിതരണ സമിതി കണ്‍വീനര്‍ കുഞ്ഞമ്പു, ലൈറ്റ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ പവിത്രന്‍ എന്നിവര്‍ തങ്ങളുടെ സമിതികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.
ബി. എന്‍. പ്രഭാകരന്‍ നന്ദിയും രേഖപ്പെടുത്തി.