സുരംഗങ്ങളുടെ പുനരുജ്ജീവനത്തിന് ശാസ്ത്രീയ ഇടപെടല്‍; ദ്വിദിന പരിശീലന ശില്പശാലയ്ക്ക് തുടക്കം
ജലക്ഷാമം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണം: ജില്ലാ കളക്ടര്‍
ഭാവിയില്‍ ഉണ്ടായേക്കാവുന്ന ജലക്ഷാമത്തെ ഇന്ന് നടത്തുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഭൂമി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കാണെന്നും കളക്ടര്‍ പറഞ്ഞു. വി.ബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ സുരംഗങ്ങളുടെ പുനരുജ്ജീവനം, സംരക്ഷണം, ശാസ്ത്രീയ പരിപാലനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ശില്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ സുരംഗങ്ങള്‍ കാണപ്പെടുന്ന ഏക ജില്ലയാണ് കാസര്‍കോട്. സുരംഗങ്ങളുടെ സംരക്ഷണവും ശാസ്ത്രീയ പരിപാലനവും മാതൃകാ പദ്ധതിയായി ഏറ്റെടുക്കുന്നതിനായി വി.ബി-ജി റാം ജി സ്റ്റേറ്റ് മിഷന് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കഴിഞ്ഞ മാസം കാസര്‍കോട് ജില്ലയിലെ സുരംഗങ്ങള്‍ സന്ദര്‍ശിച്ച് ശാസ്ത്രീയമായ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശീലന ശില്പശാല സംഘടിപ്പിക്കുന്നത്.
പള്ളിക്കര, ബേഡഡുക്ക, പുത്തിഗെ, കയ്യൂര്‍-ചീമേനി, കള്ളാര്‍, കോടോം-ബേളൂര്‍, കുമ്പള, ചെങ്കള എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത്. പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. എന്‍ജിനീയര്‍മാര്‍ മുഖേനയാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. ശാസ്ത്രീയമായ അറിവും അവബോധവും സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
വി.ബി-ജി റാം ജി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. . കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡി. ജ്ഞാനസുന്ദര്‍ മുഖ്യാതിഥിയായി. കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് കേരള റീജിയണിലെ സയന്റിസ്റ്റ് ഡി. എം. സന്താന സുബ്രഹ്മണി മുഖ്യപ്രഭാഷണം നടത്തി.
കാസര്‍കോട് ജില്ലയിലെ സുരംഗങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള ഭൂഗര്‍ഭജല സംഭരണ മേഖലാ പരിപാലനം, ഭൂഗര്‍ഭജലത്തിന്റെ ഹൈഡ്രോളിക് പഠനം, ജില്ലയില്‍ കൃത്രിമ ഭൂഗര്‍ഭജല പുനര്നിറവിന്റെ (Artificial Recharge) ആവശ്യകത എന്നിവയില്‍ ക്ലാസുകള്‍ നടന്നു. വി.ബി-ജി റാം ജി നിയമത്തിന്റെ അവലോകനം, നിയമപ്രകാരം ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍, മഴവെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി വിശകലനം എന്നീ വിഷയങ്ങളിലും പരിശീലനം നല്കി. പൈലറ്റ് ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികള്‍ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവെച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഒ.രതീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ സംസാരിച്ചു. വി.ബി-ജി റാം ജി ജില്ലാ എന്‍ജിനീയര്‍ സാദ അബ്ദുറഹിമാന് സ്വാഗതവും ദാരിദ്ര്യലഘൂകരണ വിഭാഗം ഹെഡ് ക്ലാര്‍ക്ക് രവികുമാര്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഡി. ജ്ഞാനസുന്ദര്‍, സീനിയര്‍ സൈന്റിസ്റ്റ് ഡി, എം സന്താന സുബ്രഹ്മണി, പ്രതിനിധി ജി. ശ്രീനാഥ്, വി.ബി-ജി റാം ജി സ്റ്റേറ്റ് എന്‍ജിനീയര്‍ ആര്.എസ്. രശ്മി, എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ്, വി.ബി-ജി റാം ജി സ്റ്റേറ്റ് മിഷന് കേരള, വി.ബി-ജി റാം ജി കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
