Advertisement

കൗമാര വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം; പിന്തുണ സംവിധാനങ്ങള്‍ ശക്തമാക്കണം: വിസ്ഡം സ്റ്റുഡന്റ്‌സ് ടീന്‍സ്‌പേസ് സമ്മേളനം

By kcnchannel / October 27, 2026

കാസര്‍കോട്: കൗമാരക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍, പരീക്ഷാഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, കുടുംബ-സാമൂഹിക സമ്മര്‍ദങ്ങള്‍ തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന പിന്തുണാ സംവിധാനങ്ങള്‍ നിലവില്‍ വരണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ടിന്‍സ്‌പേസ് ജില്ലാ ഹയര്‍ സെക്കണ്ടറി സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗണ്‍സലിങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുകയും വേണം. കൗമാരക്കാരുടെ ആശങ്കകള്‍ തുറന്നുപറയാനും ആവശ്യമായ സഹായം തേടാനും സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, ലഹരി ഉപയോഗം,സമൂഹ മാധ്യമ ദുരുപയോഗം, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്‌ബോധനം നടത്തുക, വിദ്യാര്‍ഥികളുടെ കഴിവുകള്‍ രാഷ്ട്ര പുരോഗതിക്കും സമൂഹ നന്മയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാര്‍ഥി സമ്മേളനം സംഘടിപ്പിച്ചത്.
വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.കെ അബ്ദുറഹ്‌മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ. നീലകണ്ഠന്‍
എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ പ്രസിഡണ്ട് മുക്താര്‍ ബിന്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
ഖുര്‍ആന്‍ മധുരം സെഷന്‍ അനസ് അംഗഡിമുഗര്‍,ജുനൈദ് അരിമല എന്നിവര്‍ അവതരിപ്പിച്ചു.
നമ്മളും മാതാപിതാക്കളും സെഷന് അഷ്‌കര്‍ ഇബ്റാഹിം നേതൃത്വം നല്കി. മുനവ്വര്‍ സ്വലാഹി, അബ്ദുല്ല ബാസില്‍ സി.പി, ഷാഫി അല്‍ ഹികമി പ്രഭാഷണം നടത്തി.
പാനല്‍ ഡിസ്‌കഷനില്‍ ഹാമിദ് ഉപ്പള മോഡറേറ്ററായി. യാസിര്‍ അല്‍ ഹികമി, അസ്ബക് അല്‍ഹികമി സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
ഈണം സെഷനില്‍ സമീല്‍ ഹസന്‍, അബ്ദുല്‍ ഹസീബ്, ബി.സി.അബ്ദുല്ല, സായിദ് അബ്ദുല്ല എന്നിവര്‍ സംഗീതോപകരണങ്ങളില്ലാതെ ഗാനങ്ങള്‍ അവതരിപ്പിച്ചു. ചോദ്യോത്തര സെഷനില്‍ അഷ്‌കര്‍ ഇബ്‌റാഹിം, അനീസ് മദനി, ജസീല്‍ കൊടിയത്തൂര്‍ പങ്കെടുത്തു.
കരിയര്‍ പാത്ത് സെഷന് ഉമര്‍ ഫാറൂഖ് നേതൃത്വം നല്കി. ആക്ടിവിറ്റി സെഷനുകള്‍ക്ക് റുവൈസ് നെല്ലിക്കുന്ന്, ഗസ് വാന്‍ അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്കി.
മെന്റി ക്വിസ്സ് മത്സരം ഹസന്‍ അണങ്കൂര്‍,സമീല്‍ ഹസന്‍ എന്നിവര്‍ നയിച്ചു.
വിസ്ഡം എജ്യൂക്കേഷന്‍ ബോര്‍ഡ് അംഗം അംജദ് മദനി സമാപന പ്രസംഗം നടത്തി.
വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും ഫഹദ് ഹൊസങ്കടി നന്ദിയും പറഞ്ഞു.