Advertisement

സ്പെഷ്യല്‍ സമ്മറി റിവിഷന്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

By kcnchannel / October 26, 2026

സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി റാഷണലൈസേഷനുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. അജേഷിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ബൂത്ത് പുനര്‍ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.

കരട് വോട്ടര്‍പട്ടിക നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയെ സംബന്ധിച്ച പരാതികള്‍ ഡിസംബര്‍ 11 വരെ നല്‍കാം. പരാതികള്‍ പരിഹരിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 28 ആണ്. അന്തിമ വോട്ടര്‍ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

1200 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിംഗ് ബൂത്തുകള്‍ പുനര്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ രണ്ടു കിലോ മീറ്ററിനുള്ളില്‍ത്തന്നെ പോളിംഗ് ബൂത്തുകള്‍ സജീകരിക്കാനും സ്വകാര്യ കെട്ടിടങ്ങളും അപകടവസ്ഥയിലുള്ള കെട്ടിടങ്ങളും ഒഴിവാക്കി, പരമാവധി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തന്നെ ബൂത്തുകള്‍ ക്രമീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. നിലവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 17 പാര്‍ട്ടുകളിലും കാസര്‍കോട് മണ്ഡലത്തില്‍ 20 പാര്‍ട്ടുകളിലും ഉദുമ മണ്ഡലത്തില്‍ 17 പാര്‍ട്ടുകളിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഒന്‍പത് പാര്‍ട്ടുകളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 14 പാര്‍ട്ടുകളിലും 1200ല്‍ അധികം വോട്ടര്‍മാരുണ്ട്.

ജില്ലയില്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന ഡ്രൈവ് വഴി, വില്ലേജ് ഓഫീസ് മുഖേന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ക്യാമ്പസ് ടു ബൂത്ത് എന്ന പരിപാടി നവംബര്‍ 2 മുതല്‍ ഒരാഴ്ച കാലം എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്നുണ്ട്. 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം.

ഡെപ്യൂട്ടി കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ശ്രീജിത്ത് മാടക്കാല്‍, കെ.എ മുഹമ്മദ് ഹനീഫ്, സുകുമാര്‍ കുദ്രെപ്പാടി, ഹാരിസ് ചൂരി, വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.