Advertisement

ജൈവവൈവിധ്യ സംരക്ഷണത്തിന് അംഗീകാരം; ‘ബയോം 2026’ സംഘടിപ്പിച്ചു

By kcnchannel / October 26, 2026

ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ബയോം 2026’ ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ് വിതരണവും പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതിയായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മികച്ച സസ്യസംരക്ഷക കര്‍ഷകനായി മുന്നാട്ടെ കെ കരുണാകരന്‍ വിസ്മയയെയും മികച്ച ജന്തുസംരക്ഷക കര്‍ഷകനായി അമ്പലത്തറയിലെ പി.കെ ലാലിനെയും മികച്ച കാവ് സംരക്ഷകനായി കടിഞ്ഞിമൂലയിലെ പി.വി ദിവാകരനെയും തിരഞ്ഞെടുത്തു. കണ്ടല്‍ സംരക്ഷണത്തിലും വ്യാപനത്തിലും മാതൃകാ പ്രവര്‍ത്തനം നടത്തിയ വലിയപറമ്പിലെ ഒ രാജനും പുരസ്‌കാരത്തിന് അര്‍ഹനായി. കൊടക്കാട് കേളപ്പജി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച ഹരിത വിദ്യാലയമായും പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മികച്ച ഹരിത കലാലയമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടി ഗവേഷകനുള്ള പുരസ്‌കാരം ചായ്യോത്ത് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥി സി.ആര്‍ അശ്വഘോഷ് നേടി. പ്രത്യേക പരാമര്‍ശത്തിന് ഷേണി എസ്.എസ്.എച്ച്.എസ് വിദ്യാര്‍ഥിനി ഡി നെഹാരിക, ചെമ്മനാട് സി.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ഥി പി.എം മുഹമ്മദ് ജസീല്‍ എന്നിവര്‍ അര്‍ഹരായി. അവാര്‍ഡുകള്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ വിതരണം ചെയ്തു.

അധിനിവേശ ജീവജാലങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകമായ ‘പുല്ല് മുതല്‍ പുഴ വരെ’ കാസര്‍കോട് ഡി.എഫ്.ഒ എം. രാജീവ് പ്രകാശനം ചെയ്തു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെ.എസ്.ബി.ബി) ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് മെംബര്‍ ടി.എം സുസ്മിത പുസ്തകപരിചയം നടത്തി. കെ.എസ്.ബി.ബി ജില്ലാ കോഓഡിനേറ്റര്‍ വി.എം അഖില റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒക്ലാവ് കൃഷ്ണന്‍, റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് എന്നിവര്‍ സംസാരിച്ചു.

‘ഇടനാടന്‍ ചെങ്കല്‍കുന്നുകളുടെ പ്രാധാന്യം’ വിഷയത്തിലുള്ള സെമിനാറിന് കെ.എസ്.ബി.ബി ടി.എസ്.ജിയും മടപ്പള്ളി ഗവ. കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ കെ.എ മുഹമ്മദ് ഹനീഫ് നേതൃത്വം നല്‍കി. ജില്ലയില്‍ കണ്ടെത്തിയ വിവിധ സസ്യ-ജന്തുജാലങ്ങളെ പരിചയപ്പെടുത്തിയ സെമിനാറില്‍ ചെങ്കല്‍ കുന്നുകളുടെ പാരിസ്ഥിതിക പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ സ്വാഗതവും ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ പി.കെ മുകുന്ദന്‍ നന്ദിയും പറഞ്ഞു. ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, പ്രകൃതിസ്‌നേഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, സ്‌കൂള്‍-കോളേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.