ചേരാനല്ലൂര്‍ അപകടം: തന്റെ പേരില്‍ നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് അഡീഷണല്‍ ജഡ്ജി, ‘കുട്ടിയുടെ ക്ഷേമം പ്രധാനം, തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല’
ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മകന് രഹസ്യമായി കാര്‍ എടുത്തതാണെന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നുമാണ് ജഡ്ജിയുടെ വാദം. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.
കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസില്‍ തന്റെ പേരില്‍ നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കാര്‍ തന്റെ പേരില്‍ ആയതിനാല്‍ നരഹത്യ ചുമത്താന്‍ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അഡീഷണല്‍ ജഡ്ജി വ്യക്തമാക്കി.
അതിനാല്‍ അറസ്റ്റ് ആവശ്യമില്ലെന്നാണ് അഡീഷണല്‍ ജഡ്ജിയുടെ വാദം. കേസില്‍ അറസ്റ്റിന് സാധ്യത ഉണ്ടെന്നും ജഡ്ജി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മകന് രഹസ്യമായി കാര്‍ കൊണ്ടുപോയതാണ്. പൊലീസ് സ്റ്റേഷനില്‍ പോയത് അച്ഛന് എന്ന നിലയിലാണ്, അല്ലാതെ ജുഡീഷ്യല്‍ ഓഫീസറെന്ന നിലയില്‍ അല്ല. സെഷന്‍സ് ജഡ്ജിന്റെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനില്‍ പോയതിന് ഹൈക്കോടതി തന്റെ വിശദീകരണം തേടിയിട്ടുണ്ട്. താന്‍ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉടന്‍ സ്റ്റേഷനിലേക്ക് പോയതെന്നും അഡീഷണല്‍ ജഡ്ജി വിശദീകരിച്ചു.
കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാനം നീക്കം നടത്തുന്നുണ്ട്. ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയത്. കുട്ടിയുടെ ക്ഷേമം ആണ് പ്രധാനം. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടി രഹസ്യമായി വാഹനം കൊണ്ടുപോയതില്‍ രക്ഷിതാവിന് അറിവുണ്ടായിരുന്നതായി കണക്കാക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും അഡീഷണല്‍ ജഡ്ജിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.
