Home Kerala അതിതീവ്ര മഴ; ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

അതിതീവ്ര മഴ; ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

by KCN CHANNEL
0 comment

വയനാട്: വയനാട് ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളി പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ചൂരല്‍മല പ്രദേശത്ത് ആംബുലന്‍സുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ചൂരല്‍മലയിലും സമീപത്തും ആവശ്യത്തില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 25 ആംബുലന്‍സുകള്‍ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലന്‍സുകള്‍ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഫയര്‍എഞ്ചിന്‍ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ രണ്ടെണ്ണവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്നാണ് നിര്‍ദേശം.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയിട്ടുണ്ട്.

You may also like

Leave a Comment