Advertisement

‘ഗ്യാനേഷ് കുമാര്‍ രാജിവെച്ചേ മതിയാകൂ’; കമ്മീഷന്റെ മറവില്‍ കഴിയാമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി

By kcnchannel / October 31, 2026

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ സ്ഥാനത്തുനിന്ന് മാറാതെ നിര്‍വാഹമില്ല. തെളിവുകള്‍ പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവില്‍ കഴിയാമെന്ന് കരുതേണ്ടെന്നും, ഇന്നോ നാളെയോ ജനങ്ങളെ നേരിടേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. മറ്റു വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ഗ്യാനേഷ്‌കുമാറിനെ ഇംപീച്ച്മെന്റില്‍ ചര്‍ച്ച നടത്താന്‍ ഇവിടെ ഒരുമിച്ചുകൂടിയതെന്ന് രാഹുല്‍ വ്യക്തമാക്കി. 2024-ല്‍ വോട്ട് ചെയ്ത 130 മില്യണ്‍ ആളുകളെയാണ് ഒഴിവാക്കിയത്. അവര്‍ നിയമവിരുദ്ധ വോട്ടര്‍മാരായിരുന്നോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യാനുള്ള കാരണങ്ങള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിശദീകരിച്ചു. ഖാര്‍?ഗെയുടെ വസതിയിലാണ് 250 എംപിമാര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒന്നിച്ചത്.

മോദിയെയും അമിത് ഷായെയും നേരിടാന്‍ പ്രതിപക്ഷത്തിനറിയാം, പക്ഷേ അവരുടെ ആയുധമായി എക്കാലവും കഴിയാന്‍ കമ്മീഷനാവില്ല. ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണിത്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശം വെച്ചാലും ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടി വരുമെന്നും, ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനാണ് ഈ രാഷ്ട്രീയ കൂട്ടായ്മയെന്നും രാഹുല്‍ പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ നിയമപരമായ വിചാരണ നേരിടണമെന്ന വിഷയത്തില്‍ പ്രതിപക്ഷം പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി. പ്രതികൂല സാഹചര്യത്തിലും പ്രതിപക്ഷം വലിയ നീക്കമാണ് നടത്തിയതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സ്പീക്കറായി ഇരുന്ന മീരാ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ദേശീയ ഗാനത്തോടെ നടപടികള്‍ അവസാനിച്ചു.