Advertisement

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാന്‍ ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

By kcnchannel / October 31, 2026

തിരുവനന്തപുരം: കെ.എസ്.ടി.പി കരാര്‍ ക്രമക്കേടിലും പതി-ബെല്‍ കമ്പനിയുടെ പ്രോജക്റ്റ് മാനേജര്‍ ലീ സീ ബീനിന്റെ ആത്മഹത്യയിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണം തുടരാന്‍ ആഭ്യന്തര വകുപ്പ്. തുടരന്വേഷണ കാര്യത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് വിജിലന്‍സിനോട് നിയമോപദേശം തേടി.ലീ സീ ബീനിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാര്‍ ആണെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമുള്ള വി.ഒ സാജന്റെ പുതിയ പരാതിയും വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്തു ഗ്യാനേഷ് കുമാര്‍ കെ.എസ്.ടി.പി പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നും പതി-ബെല്‍ കമ്പനിയുടെ പ്രോജക്റ്റ് മാനേജര്‍ ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 2007-2012 കാലയളവില്‍ നടന്ന മുന്‍ വിജിലന്‍സ് അന്വേഷണത്തില്‍ പാളിച്ചകളില്ലെന്നു കണ്ടെത്തിയതോടെ പുനരന്വേഷണ സാധ്യത മങ്ങിയെന്നായിരുന്നു പ്രചരിച്ച വിവരം.എന്നാല്‍ ഇത് പാടേ തള്ളുകയാണ് ആഭ്യന്തര വകുപ്പ്.

വിജിലന്‍സ് അന്വേഷണം തുടരാനാണ് ആഭ്യന്തര വകുപ്പ് തീരുമാനം.വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.ഇതിനായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് വിജിലന്‍സിനോട് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാല്‍ മറ്റു വകുപ്പുകള്‍ ചുമത്തിയുള്ള അന്വേഷണ കാര്യത്തില്‍ തീരുമാനം എടുക്കും. പതി-ബെല്‍ കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന മുന്‍ കരാറുകാരന്‍ വി.ഒ സാജന്റെ പുതിയ പരാതിയും വിജിലന്‍സ് അന്വേഷണത്തിന് വിടും. രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാര്‍ 14 കോടി രൂപയുടെ നാലു ബില്ലുകള്‍ തടഞ്ഞുവച്ചതായി ലീ സീ ബിന്‍ പറഞ്ഞിരുന്നുവെന്നാണ് കൊല്ലം സ്വദേശിയായ വി.ഒ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. നിലവില്‍ തുടരുന്ന അന്വേഷണത്തില്‍ പുതിയ പരാതി നിര്‍ണ്ണായകമാകുമെന്നാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തല്‍.