കണ്ണൂര്‍-പാലക്കാട് ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തുന്നു, പിണറായി വിജയന്
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിന്‍ഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തന്നെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. ആദ്യം തെറ്റായ കാര്യങ്ങള്‍ പറയുക തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. വകുപ്പ് തലത്തില്‍ ഒരന്വേഷണവും നടത്താതെ, ഒരു റിപ്പോര്‍ട്ടിന്റെയും പിന്‍ബലമില്ലാതെ സര്‍ക്കാര്‍ നേരിട്ട് ചില ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍വിധിയോടെ ഒരന്വേഷണം പ്രഖ്യാപിക്കുന്നത് വിചിത്രമാണ്. തിരക്കഥക്കനുസരിച്ച് രാഷ്ട്രീയപ്രേരിതമായി വിജിലന്‍സിനെ ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
കേരളം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി വ്യവസായങ്ങള്‍ക്കും പശ്ചാത്തല സൗകര്യങ്ങള്‍ക്കും ആവശ്യത്തിന് ഭൂമി ലഭ്യമല്ലെന്നതാണ്. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് പരിസരപ്രദേശങ്ങളില്‍ വ്യവസായ പാര്‍ക്കുകളും അനുബന്ധ സൗകര്യങ്ങളും അനിവാര്യമാണ്. രണ്ടു പതിറ്റാണ്ട് മുന്‍പ് തുടക്കമിടുകയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തുടരുകയും ചെയ്ത നടപടിക്രമങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ് ഭൂമി ഏറ്റെടുക്കല്‍ എന്നിരിക്കെ, ഇതിനെ പെട്ടെന്നുണ്ടായ ഏതോ ഗൂഢനീക്കമായി ചിത്രീകരിക്കുന്നത് ശുദ്ധ കാപട്യമാണ്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ഫയലുകളും സര്‍ക്കാരിന്റെ പക്കല്‍ തന്നെയാണുള്ളത്. ഏതു പരിശോധനയ്ക്കും അവ കൃത്യമായി ലഭ്യമാണ്. കിഫ്ബി ധനസഹായം നല്കുന്ന ഏജന്‍സി മാത്രമാണെന്നിരിക്കെ, ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബിയാണെന്ന മട്ടിലുള്ള പ്രചാരണം തികച്ചും തെറ്റിദ്ധാരണാജനകമാണ്. റവന്യൂ വകുപ്പ് നിയമാനുസൃതമായി, 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം (LARR Act) കര്‍ശനമായി പാലിച്ചുകൊണ്ടാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ വഴി ഈ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഖജനാവിന് ബാധ്യത വരാതിരിക്കാന്‍ ആവശ്യമായ സാമ്പത്തിക ജാഗ്രത കൃത്യമായി പുലര്‍ത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായി കിടക്കുന്ന അഞ്ഞൂറോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ സ്ഥലവും ഒരേ സ്വഭാവത്തില്‍ കിടക്കുന്നതാവണമെന്നില്ല. കുന്നുകളും, സമതലവും, നെല്‍വയലുകളും, പറമ്പും, കുളങ്ങളും കല്ലുവെട്ടിയ കുഴികളും എല്ലാം ഉണ്ടാവാം. എന്നാല്‍ അത്തരത്തില്‍ മൂല്യം കുറഞ്ഞ ഭൂമിക്ക് അങ്ങനെ അല്ലാത്ത ഭൂമിയുടെ 80 ശതമാനം വരെ വില കുറവു വരുത്തിക്കൊണ്ട് 25- 05- 2023 ന് തന്നെ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വിജിലന്‍സ് അന്വേഷണത്തിന് വിട്ട ഉത്തരവില്‍ പറയും പ്രകാരമുള്ള അത്രയും ഭൂമി ഏറ്റെടുക്കുകയോ, പണം ചിലവിടുകയോ ചെയ്തിട്ടില്ല എന്നും ഈ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. നടപടിക്രമങ്ങള്‍ ആരംഭ ദിശയില്‍ മാത്രമായ, ഏറ്റെടുത്തിട്ടില്ലാത്ത ഭൂമി കൂടി ചേര്‍ത്തതും ദുരൂഹമാണ്.
വസ്തുതകള്‍ ഇതായിരിക്കെ, യാതൊരു പ്രസക്തിയുമില്ലാത്ത വിജിലന്‍സ് അന്വേഷണ ഉത്തരവുകളിലൂടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ വികസന പ്രക്രിയയെ അട്ടിമറിക്കാനാണ്. ഇത്തരം അന്വേഷണ പ്രഹസനങ്ങള്‍ ഭാവിയില്‍ സര്‍ക്കാര്‍ മാറിയാല്‍ പൊതുആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച ഇല്ലാതാക്കും. ഭാവി വികസനത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത ഇല്ലെന്നാണ് ഈ സര്‍ക്കാരിന്റെ അഭിപ്രായമെങ്കില്‍ നയപരമായി ഏറ്റെടുക്കല്‍ നടപടികള്‍ നിര്ത്തിവെക്കാനല്ലേ തീരുമാനിക്കുക ?അത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. അത് കൊണ്ട് തന്നെ അധിക സ്ഥലം ആവശ്യമില്ല എന്ന നിലപാട് ഈ സര്‍ക്കാരിനും ഇല്ല എന്ന് വ്യക്തമായിരിക്കെ, ആ ന്യായം പറഞ്ഞ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് വിചിത്രവും, ന്യായീകരണമില്ലാത്തതുമാണ്. കണ്ണൂരും പാലക്കാടും വ്യവസായങ്ങള്‍ വരുന്നത് തടസ്സപ്പെടുത്തുന്നതിലൂടെ ആ ജില്ലകളിലെ തൊഴിലവസരങ്ങളെയും സാമ്പത്തിക മുന്നേറ്റത്തെയുമാണ് ഇല്ലാതാക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വ്യാവസായിക പാര്‍ക്കുകള്‍ക്കായി വ്യവസ്ഥാപിതമായി ഭൂമി സമാഹരിക്കുന്നത് മുടങ്ങിയാല്‍ അതിന്റെ പേരില്‍ നഷ്ടമാവുന്നത് വ്യവസായ വികസനവും വളര്‍ച്ചയും തൊഴിലവസരങ്ങളുമാണ്.നാടിന്റെ ഭാവിയെ പണയം വെച്ചുകൊണ്ടുള്ള ഇത്തരം തരംതാണ രാഷ്ട്രീയ നാടകം സര്‍ക്കാര്‍ അവസാനിപ്പിക്കണം പിണറായി വിജയന് പറഞ്ഞു.
