68-ാ മത് സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് ഇത്തവണയും അനന്തപുരിയിലേക്ക്
തിരുവനന്തപുരം: 68-ാ മത് സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നിലനിര്‍ത്തി തിരുവനന്തപുരം. ഗെയിംസിലെയും അക്വാട്ടിക്‌സിലെയും അപ്രമാദിത്വമാണ് തുടര്‍ച്ചയായ മൂന്നാം തവണയും തിരുവനന്തപുരത്തെ ചാമ്പ്യന്മാര്‍ ആക്കിയത്. 2012 പോയിന്റുമായാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം തൂക്കിയത്. 965 പോയിന്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനം. 923 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി.
പാലക്കാടന്‍ വെല്ലുവിളി മറികടന്ന് മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് ചാമ്പ്യന്മാരായി. 19 സ്വര്‍ണവും 23 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 204 പോയിന്റുമായാണ് മലപ്പുറത്തിന്റെ ഹാട്രിക് കിരീടം നേട്ടം.
പാലക്കാട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് 161 പോയിന്റുമായി. തിരുവനന്തപുരത്തെ മറികടന്ന് 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തേക്ക് ഓടിക്കയറി.
സ്‌കൂളുകളില്‍ മലപ്പുറം ഐഡിയല്‍ ഈ എച്ച്എസ്എസ് കടകശ്ശേരി തുടര്‍ച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാര്‍. മലപ്പുറം കെഎംഎച്ച്എസ്എസ് ആലത്തിയൂര്‍ രണ്ടും പാലക്കാട് വടവന്നൂര്‍ VMHS മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ ജിവി രാജ തിരുവനന്തപുരമാണ് ജേതാക്കള്‍.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ മീറ്റ് റെക്കോര്‍ഡുകള്‍ കുറഞ്ഞു. 2024 ല്‍ എറണാകുളത്ത് 8 ഉം 2025 ല്‍ തിരുവനന്തപുരത്ത് 16 ഉം മീറ്റ് റെക്കോര്‍ഡുകള്‍ ആണ് പിറന്നത്. ഇത്തവണത്തെ ആറില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത് തിരുവനന്തപുരം ജി വി രാജയുടെ ശ്രീഹരി കെയാണ്.
