Home Kasaragod തൊഴിലിടങ്ങളിലെ ഇന്റേണല്‍ കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം

തൊഴിലിടങ്ങളിലെ ഇന്റേണല്‍ കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം

by KCN CHANNEL
0 comment

പോഷ് ആക്ട് പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്റേണല്‍ കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി.പി കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷന് മുന്നില്‍ എത്തുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പോഷ് ആക്ട് 2013ന്റെ ഭാഗമായുള്ള ഐ.സികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പോഷ് ആക്ട് സംബന്ധിച്ച സെമിനാര്‍ നടത്തും. സര്‍ക്കാര്‍ ഓഫീസുകളുടെ ഐ.സി പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ശില്‍പശാല ജൂണ്‍ 20ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിക്കും.
ജൂണ്‍ 28, 29 തീയ്യതികളില്‍ വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ തീരദേശ ക്യാമ്പും സംഘടിപ്പിക്കും. ആദ്യ ദിനം തീരദേശ മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച് വകുപ്പ് തല ഉദ്യോഗസ്ഥരുടെ കണ്‍വേര്‍ജന്‍സ് യോഗം ചേരും. രണ്ടാം ദിവസം സെമിനാര്‍ സംഘടിപ്പിക്കും. തീരദേശ മേഖലയിലെ സര്‍ക്കാര്‍ സേവനങ്ങളും ഗാര്‍ഹിക പീഢന നിരോധന നിയമം സംബന്ധിച്ച വിഷയവുമായിബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കും ക്യാമ്പില്‍ ലഭിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.

You may also like

Leave a Comment