നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും പദ്ധതികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്നുമാണ് നിര്‍ദേശം. ജില്ലകളിലെ വികസന പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാര്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശമുണ്ട്. മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിര്‍ദേശം.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവന്‍ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സാധ്യതാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റ ശേഷം കോണ്‍ഗ്രസ് നേടുന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണിത്. കഴിഞ്ഞ മേയില്‍ സ്ഥാനമേറ്റ പുതിയ ടീം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂര്‍ തിരിച്ചുപിടിച്ചു. അതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പാര്‍ട്ടി കടന്നു.

അതിനിടെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടുനിലയനുസരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു പുതിയ തന്ത്രമൊരുക്കാനാണ് ബിജെപിയുടേയും തീരുമാനം. പാര്‍ട്ടി വളരുന്നതു നഗരങ്ങളിലാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു കാരണം.

Scroll to Top