രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്.
ആലപ്പുഴ/ കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. അതേസമയം, കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി.
ക്രിസ്തുമസ് വിപണിക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. കോഴി, താറാവ്, കാട എന്നിവ ഇതില്‍ ഉള്‍പ്പെടും. ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കുന്നതോടെ കര്‍ഷകരുടെ ക്രിസ്തുമസ് പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷികള്‍ അസ്വഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.




