ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്‌ഐടി നല്‍കിയ മഹസര്‍ പ്രകാരം ശ്രീകോവില്‍ ഉള്‍പ്പെടെ അളന്നു.പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.എസ്‌ഐടി നിര്‍ദേശപ്രകാരമാണ് അളവെടുത്തത്. സീന്‍ പ്ലാന്‍ രണ്ട് ദിവസത്തിനകം എസ്‌ഐടിക്ക് നല്‍കുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീന്‍ പ്ലാനാണ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയെന്ന് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ എ പത്മകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം മാന്വല്‍ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുന്‍ ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്‌ഐടി വ്യക്തമാക്കി.
പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് എ പത്മകുമാര്‍ എന്നാണ് എന്‍ വിജയകുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ ഇന്ന് ചോദ്യം ചെയ്യും.ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.




