ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഒന്നരവര്‍ഷത്തിനകം സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 2027 ആഗസ്റ്റ് 15നായിരുക്കും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബിലിമോറയിലേക്ക് ആയിരിക്കും ആദ്യ ഘട്ടത്തിലെ സര്‍വീസ്.
മണിക്കൂറില്‍ 320 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള അത്യാധുനിക മോഡല്‍ ട്രെയിനുകളാണ് രാജ്യത്തെത്തുന്നത്. തുടക്കത്തില്‍ സൂറത്ത് – ബിലിമോറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിന്‍ വൈകാതെ വാപിയില്‍ നിന്ന് അഹമ്മദാബാദിലേക്കും താനെയില്‍ നിന്ന് അഹമ്മദാബാദിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. കേരളത്തില്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് എത്താന്‍ രണ്ട് മണിക്കൂറില്‍ താഴെ മതിയാകും എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 578 കിലോ മീറ്റര്‍ ദൂരം ട്രെയിനിലെത്താന്‍ ഏഴേ മുക്കാല്‍ മണിക്കൂര്‍ വേണ്ടിടത്താണിത്.
ഇന്ത്യയുടെ യാത്രാമേഖലയില്‍ വിപ്ലകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. മുംബയ് – അഹമ്മദാബാദ് റൂട്ടിലെ പൂര്‍ണതോതിലുള്ള സര്‍വീസും ഇതിന് പിന്നാലെ സജ്ജമാകും. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനൊപ്പം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ റൂട്ടും അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.




