നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പച്ചന്‍ ആദ്യമായി അഭിനയിക്കുന്നത് 1965-ല്‍ ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച് സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ്. മഞ്ഞിലാസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം – എന്ന സിനിമയില്‍ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും കൂടെയും അപ്പച്ചന് അഭിനയിച്ചിട്ടുണ്ട്.

Scroll to Top