കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉറപ്പുനല്‍കിയിരുന്ന കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്ത മാസത്തോടെ എത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനം സ്വന്തമാക്കിയ വിവരം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബസുകള്‍ എത്തി തൊട്ടടുത്ത ദിവസം മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയിരിക്കുന്നത്.
വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയാണ് ഈ ബസുകള്‍ ഓടുന്നതെങ്കിലും റോഡ് നിര്‍മാണം പുരോഗമിക്കുന്നത് കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ എറണാകുളം വരെയായിരിക്കും സര്‍വീസ് നടത്തുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എല്ലാ സീറ്റിലും യാത്രക്കാര്‍ ഉണ്ടെങ്കില്‍ പിന്നെ എറണാകുളത്ത് മാത്രമായിരിക്കും ഈ ബസ് നിര്‍ത്തുക. ഇല്ലെങ്കില്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോ സ്റ്റോപ്പ് അനുവദിക്കും.
ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. വോള്‍വോയുടെ ബസിലാണ് ബിസിനസ് ക്ലാസ് ഒരുങ്ങുന്നത്. 35 സീറ്റുകളായിരിക്കും ഇതില്‍ നല്‍കുക. എല്ലാ സീറ്റിലും പ്രത്യേകം സ്‌ക്രീന്‍, ഹെഡ്ഫോണ്‍, ചായ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണം, ടോയ്ലറ്റ്, പാന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഒരുക്കും. ഓരോ ജില്ലകളിലും ഒരു സ്റ്റോപ്പ് എന്ന രീതിയിലായിരിക്കും ഇത് നിര്‍ത്തുക.
2025 അവസാനത്തോടെയാണ് മന്ത്രി ബിസിനസ് ക്ലാസ് ബസ് പ്രഖ്യാപിച്ചത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സര്‍വീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നാണ് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക. ബസില്‍ ഓരോരുത്തര്‍ക്കും വ്യക്തിഗത ടിവി, ചാര്‍ജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവര്‍ക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാന്‍ സീറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരുന്നു.




