തിലക് വര്‍മയ്ക്ക് പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനായി; ഇന്ത്യക്ക് വന്‍ തിരിച്ചടി, പകരം ഗില്ലെത്തുമോ?

ഹൈദരാബാദ്:ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടിയായി ബാറ്റര്‍ തിലക് വര്‍മയുടെ പരിക്ക്. അടിവയറ്റില്‍ പരിക്കേറ്റ താരത്തിന് ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടപ്പെടാനാണ് സാധ്യത. കടുത്തവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനായി ഹൈദരാബാദ് ടീമിനൊപ്പമാണ് തിലക് വര്‍മയുള്ളത്. ജനുവരി 21 മുതലാണ് കിവീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.

തിലകിന് വിജയകരമായി ശസ്ത്രക്രിയ നടത്തി. അദ്ദേഹം ഇപ്പോള്‍ സുഖംപ്രാപിച്ചുവരുകയാണ്. അദ്ദേഹത്തിന്റെ രോഗമുക്തിയെക്കുറിച്ച് മെഡിക്കല്‍ പാനലുമായി ചര്‍ച്ച നടത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. കളത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത എപ്പോഴാണെന്നും അറിയിക്കും.- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് തിലക് പുറത്തായേക്കും. അതേസമയം തിലക് വര്‍മയ്ക്ക് പകരം ആരെയെടുക്കുമെന്നതില്‍ വ്യക്തതയില്ല. ടി20 സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയ മുന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്. എന്നാല്‍ ഗില്ലിനെ ടീമിലെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ടെസ്റ്റ്, ഏകദിന നായകന്‍ കൂടിയായ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തി കളിപ്പിക്കാതിരിക്കുന്നത് ശരിയായ സമീപനമായിരിക്കില്ലെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ താരം 53 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കാനാണ് സാധ്യത.

Scroll to Top