പുതിയ റെയില്‍വേ ടൈംടേബിള്‍; കാസര്‍കോടിന് അവഗണനതന്നെ, കിട്ടിയത് വണ്ടികള്‍ക്ക് പുതിയ നമ്പര്‍

കാസര്‍കോട്: ജനുവരി ഒന്നിന് നിലവില്‍വന്ന പുതിയ റെയില്‍വേ ടൈംടേബിള്‍ കാസര്‍കോട്ടെ യാത്രക്കാരെ കൂടുതല്‍ നിരാശരാക്കുന്നതാണ്. റെയില്‍വേ ഡിവിഷനുകള്‍ പുറത്തിറക്കിയ പുതിയ ടൈംടേബിള്‍ പ്രകാരം കാസര്‍കോടിന് ഗുണംചെയ്യുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ല. പുതിയ വണ്ടികള്‍, വണ്ടി നീട്ടലുകള്‍, വേഗവര്‍ധന, കോച്ചുകളുടെ എണ്ണം കൂട്ടുക, റീ നമ്പറിങ്, പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പേജുകള്‍ എന്നിവയാണ് പ്രധാന കാര്യങ്ങളായി റെയില്‍വേ പറയുന്നത്. എന്നാല്‍ കാസര്‍കോടിന് ലഭിച്ചത് വണ്ടികളുടെ പുതിയ നമ്പറുകള്‍ മാത്രമാണെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഈ നമ്പറുകള്‍ യാത്രക്കാര്‍ക്ക് എങ്ങനെ ഉപകരിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളായ നിരവധി വാരാന്ത്യവണ്ടികള്‍ക്ക് കാസര്‍കോട്ട് ഒരു സ്റ്റേഷനിലും നിലവില്‍ സ്റ്റോപ്പില്ല. തിരുവനന്തപുരത്തുനിന്ന് ഹസ്രത്ത് നിസാമുദ്ദീന്‍വരെ സര്‍വീസ് നടത്തുന്ന വാരാന്ത്യ എക്സ്പ്രസിനും എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസിനും ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് ഇല്ല. കണ്ണൂരിനുശേഷം മംഗളൂരു ജങ്ഷനിലാണ് ഇവയ്ക്ക് സ്റ്റോപ്പ് ഉള്ളത്.

പ്രധാന തീവണ്ടികള്‍ക്ക് കുമ്പള, മഞ്ചേശ്വരം, ഉള്ളാള്‍ എന്നീ പ്രധാന സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും പുതിയ ടൈംടേബിളില്‍ ഇതെല്ലാം അവഗണിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഭാഗത്തുനിന്നും യാത്ര ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഇത് പ്രയാസമുണ്ടാക്കുന്നു. യാത്രക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ യാത്രാസൗകര്യം ഒരുക്കാതെ റെയില്‍വേ സ്റ്റേഷന്‍ മോടിപിടിപ്പിക്കല്‍ എന്തിനാണെന്നാണ് യാത്രക്കാരുടെ ചോദ്യം.

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന അവസാന വണ്ടി മലബാര്‍ എക്സ്പ്രസാണ്. മംഗളൂരു സെന്‍ട്രലില്‍നിന്ന് വൈകുന്നേരം 6.15-ന് പുറപ്പെടുന്ന വണ്ടി 7.10-ന് കാസര്‍കോട്ട് എത്തുന്നു. മഞ്ചേശ്വരംമുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള ജില്ലയിലെ എല്ലാ സ്റ്റേഷനിലും ഇതിന് സ്റ്റോപ്പ് ഉണ്ട്. ഇതിനു പുറമേ മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസ് എന്ന രാത്രി വണ്ടിയും നിലവിലുണ്ട്. പൂര്‍ണമായും അണ്‍റിസര്‍വ്ഡ് ആയതിനാല്‍ ഇത് ഐആര്‍ടിസിടി ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ കാണില്ല. ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഈ വണ്ടി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും മംഗളൂരുവില്‍നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. ഇതിനെ പ്രതിദിന സര്‍വീസാക്കി മാറ്റിയാല്‍ മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കാം.

ജില്ലയില്‍ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ലാത്ത വണ്ടികള്‍

22475/22476 കോയമ്പത്തൂര്‍-ഹിസാര്‍ എസി എക്സ്പ്രസ്, 22653/22654 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ വാരാന്ത്യ എക്സ്പ്രസ്, 22655/22656 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ വാരാന്ത്യ എക്സ്പ്രസ്

Scroll to Top