ചര്‍ച്ചയും സംവാദവും നിറഞ്ഞ് സ്വദേശി സയന്‍സ് കോണ്‍ഗ്രസ്

വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം
ചര്‍ച്ചയും സംവാദവും നിറഞ്ഞ് സ്വദേശി സയന്‍സ് കോണ്‍ഗ്രസ്

പെരിയ: വികസിതമായ ഭാവി ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചയും മുന്നേറ്റവും ചര്‍ച്ച ചെയ്ത് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ്. സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരളയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും യുവഗവേഷകരും സംഗമിച്ചപ്പോള്‍ ഉയര്‍ന്നത് നാടിന്റെ വികസനത്തിനുള്ള രൂപരേഖകള്‍. യുവസമൂഹത്തിന് സംവദിക്കാനും തങ്ങളുടെ സംശയങ്ങള്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്യാനുമുള്ള വേദി എന്നതിനൊപ്പം പുതിയ ശാസ്ത്ര നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും ഉതകുന്നതായിരുന്നു സമ്മേളനം.

ആറ് വേദികളിലായി കാലാവസ്ഥാ വ്യതിയാനം, കാര്‍ഷികരംഗം, പരിസ്ഥിതി, ആരോഗ്യം, ജലസേചനം തുടങ്ങി സാധാരണക്കാരുടെ നിത്യജീവിതത്തെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടെയായിരുന്നു ചര്‍ച്ചകള്‍. ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ നിര്‍മ്മിത ബുദ്ധിയിലൂടെ വരാനിരിക്കുന്ന വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊടഗ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍ വിശദീകരിച്ചു. തീരദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനും സമുദ്ര സംരക്ഷണത്തിനും ഉതകുന്ന വിധത്തില്‍ ആഴക്കടല്‍ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രത്യേക ഖനന വാഹനങ്ങളുടെ ഉപയോഗം ഡോ. സജു വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ആഴക്കടല്‍ ദൗത്യത്തിന്റെ പ്രാധാന്യവും പദ്ധതികളും നേട്ടങ്ങളുമാണ് ഭൗമശാസ്ത്ര മന്ത്രാലയം ഡീപ് ഓഷ്യന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. എം.വി. രമണ മൂര്‍ത്തി വിശദീകരിച്ചത്.

പരമ്പരാഗതമായ അറിവുകളും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സമന്വയവും ചര്‍ച്ചാ വിഷയമായി. ആയുര്‍വ്വേദത്തിന്റെ പുരാതന തത്വങ്ങളെ ജിനോമിക് സയന്‍സ്, ഇമ്മ്യൂണോളജി, മൈക്രോബയോം റിസര്‍ച്ച് എന്നിവയുമായി ബന്ധിച്ച് ഡോ. സുബ്രഹമണ്യ പത്ഥ്യാന പുതിയ ആശയങ്ങള്‍ തുറന്നു. ഇന്ത്യന്‍ വിജ്ഞാന സംവിധാനങ്ങളെ പൊതുജനാരോഗ്യവുമായി സംയോജിപ്പിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ചര്‍ച്ച. ആധുനിക ശാസ്ത്രത്തിനും സമൂഹത്തിനുമായി ഇന്ത്യന്‍ വിജ്ഞാന സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പ്രാധാന്യം പ്രൊഫ. വി.പി.എന്‍ നമ്പൂരി, ഡോ. പത്മനാഭന്‍ ടി.വി, പൂര്‍ണിമ സന്ദീപ് എന്നിവര്‍ എടുത്തുപറഞ്ഞു.

ടെക്സ്റ്റ് അനലിറ്റിക്സ്, ബിഗ് ഡാറ്റ, നിര്‍മ്മിത ബുദ്ധി എന്നീ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പകര്‍ന്ന പ്രൊഫ. എന്‍.വി. ശോഭന, വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയില്‍ നിന്ന് ഉപയോഗപ്രദമായ വിവരങ്ങള്‍ എങ്ങനെ എടുക്കാമെന്ന് വിശദീകരിച്ചു. സെന്റിമെന്റ് ഡിറ്റക്ഷന്‍, റിലേഷന്‍ഷിപ്പ് എക്സ്ട്രാക്ഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളും അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ടെക്സ്റ്റ് അനലിറ്റിക്സിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. പൊതുജനാരോഗ്യത്തിലും ഗ്രാമീണ പരിവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ഡോ. ടി. പി. സേതുമാധവന്‍ സംസാരിച്ചു. സ്വദേശി സയന്‍സിന്റെ ആശയവും സമകാലിക ഗവേഷണത്തിലെ പ്രസക്തിയും പ്രൊഫ. കെ. മുരളീധര്‍ വിശദീകരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശാസ്ത്രജ്ഞരുമായുള്ള സംവാദം ഇന്ന്

പെരിയ: സ്വദേശി സയന്‍സ് കോണ്‍ഗ്രസില്‍ ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശാസ്ത്രജ്ഞരുമായുള്ള സംവാദം നടക്കും. ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പങ്കെടുക്കുക. കൊടഗ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളുര്‍, ധര്‍വാര്‍ഡ് ഐഐടി പ്രൊഫസറും ഡീനുമായ ഡോ. എസ്.എം. ശിവപ്രസാദ്, കെഎല്‍ഇ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡീന്‍ അക്കാദമിക് പ്രൊഫ. എന്‍.എച്ച്. അയചിത്, കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡണ്ട് പ്രൊഫ. ജി.എം. നായര്‍, പ്രൊഫ. പി.സി. ദേശ്മുഖ് എന്നിവര്‍ സംബന്ധിക്കും. സമാപന സമ്മേളനത്തില്‍ പ്രൊഫ. അശോക് എസ്. ആളുര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. യുവശാസ്ത്ര പുരസ്‌കാരങ്ങളും മികച്ച ഓറല്‍ പ്രസന്റേഷനുകള്‍, പോസ്റ്റര്‍ പ്രസന്റേഷനുകള്‍ എന്നിവക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും.

Scroll to Top