സ്‌കില്‍ഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.

മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.

ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.

ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ പറയുന്നു. വിവിധ ഉല്‍പാദന – നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളര്‍ത്തുന്നതിനും ഉതകുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയില്‍ അന്തേവാസികള്‍ക്ക് സഹായകമാകുന്നതാണ് വേതന പരിഷ്‌കരണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കും.

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല’; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങള്‍ പുറത്ത്
എന്ത് അറിഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ആകെ ഇപ്പോള്‍ ഇല്ലാത്തതും നീ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് ആണ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്.

‘പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്തോളാം’, എന്നാണ് ഭീഷണിപ്പെടുത്തല്‍.

ഓടി നടന്ന് നീ തിരിച്ചുപിടിക്കാന്‍ നോക്കുന്ന നിന്റെ ഇമേജ് ഉണ്ടല്ലോ, ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പുണ്യാളന്‍ ആണല്ലോയെന്ന് അതിജീവിത ചോദിക്കുമ്പോള്‍

‘നീ ഇപ്പോള്‍ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുമ്പാക്കെ നടത്തിയാല്‍ അല്‍പമെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഞാന്‍ എല്ലാ പരിധിയും കഴിഞ്ഞുനില്‍ക്കുന്നയാളാണ്. നീ ഈ പറയുന്ന ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നും അല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഒന്നിനോടും കീഴ്പ്പെടുന്നില്ലായെന്ന എന്റെ തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും. പക്ഷെ നീ താങ്ങില്ല. നീന്റെ ഭീഷണിയൊക്കെ നിര്‍ത്തിയേക്ക്. ഇവിടെ വന്നാല്‍ ഞാന്‍ കുറേ ആളുകളുമായി നിന്റെ വീട്ടില്‍ വരാം. അത്ര തന്നെ. അല്ലാണ്ട് ഇങ്ങോട്ട് ഉള്ള ഭീഷണി വേണ്ട’
നീ ചെയ്യാനുള്ളതൊക്കെ ചെയ്തുനീര്‍ത്തിട്ട് വാ. എന്ത് അറിഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ആകെ ഇപ്പോള്‍ ഇല്ലാത്തതും നീ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് ആണ്. ഈ കേസ് കോടതിയില്‍ വരുമ്പോള്‍ ഉള്ള അവസ്ഥ അറിയാല്ലോ. അതും പ്രത്യേകിച്ച് ഒന്നും ഇല്ല. അപ്പോള്‍ നീഅതാക്കെ കഴിഞ്ഞിട്ട് വാ. നീ നന്നായി ജീവിക്കന്നെ. ആരെയാ നീ പേടിപ്പിക്കുന്നത്. എല്ലാം തീര്‍ന്നുനില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ? നീ വാര്‍ത്താസമ്മേനളനം നടത്തൂ’, എന്നാണ് രാഹുലിന്റെ ഭീഷണി സന്ദേശങ്ങള്‍.

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് അറസ്റ്റ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Scroll to Top