ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ട്രാവല്‍ കാര്‍ഡിന് ആവശ്യക്കാരേറുന്നു. സ്ഥിരംയാത്രക്കാരാണ് ഇതിലേറെ. ആവശ്യക്കാര്‍ കൂടിയപ്പോള്‍ ചിലയിടങ്ങളില്‍ കാര്‍ഡ് കിട്ടാത്ത സ്ഥിതിയാണ്. എത്തിയാല്‍ത്തന്നെ ഉടന്‍ തീരും. ആവശ്യത്തിനനുസരിച്ച് കാര്‍ഡ് ഇറക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കാര്‍ഡ് വില്‍പ്പനയിലൂടെ കെ.എസ്.ആര്‍.ടി.സി.ക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നിട്ടും സ്ഥിരം യാത്രക്കാര്‍ക്ക് കാര്‍ഡ് കിട്ടാത്ത സ്ഥിതിയാണ്.
ടിക്കറ്റിനായി പണം കരുതേണ്ട എന്നതാണ് കാര്‍ഡിന്റെ മെച്ചം. ചലോ എന്ന പേരിലാണ് കാര്‍ഡ് ഇറക്കുന്നത്. കാര്‍ഡ് റീച്ചാര്‍ജ് ചെയ്ത് സഞ്ചരിക്കാം. കാര്‍ഡായതോടെ ബസുകളിലെ ചില്ലറത്തര്‍ക്കത്തിനും ഒരുപരിധിവരെ പരിഹാരമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ വലിയൊരു പങ്ക് ട്രാവല്‍ കാര്‍ഡിലൂടെ കിട്ടുന്നുണ്ട്. ഏറ്റുവുമധികം കാര്‍ഡ് റീച്ചാര്‍ജ് നടക്കുന്നത് തിങ്കളാഴ്ചകളിലാണ്.
ഒരാഴ്ചത്തേക്കും ഒരുമാസത്തേക്കും കാര്‍ഡ് റീച്ചാര്‍ജ് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ അഞ്ചിന് കെ.എസ്.ആര്‍.ടി.സി. റെക്കോഡ് വരുമാനം നേടിയിരുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര രണ്ടാമത് കൊല്ലത്തു നടപ്പിലാക്കി. തുടര്‍ന്നാണ് ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലും പ്രാബല്യത്തിലായത്. 100 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിന്. ഇതും കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാന നേട്ടമാണ്.
മിനിമം റീച്ചാര്‍ജ് തുക 50 രൂപയാണ്. 3,000 രൂപവരെ റീച്ചാര്‍ജ് ചെയ്യാം. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി.യില്‍ ശരാശരി 30 ലക്ഷം പേര്‍ ഒരുദിവസം യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 15 ലക്ഷവും സ്ഥിരംയാത്രക്കാരാണ്. എന്നാല്‍, സ്ഥിരംയാത്രക്കാര്‍ക്ക് പൂര്‍ണമായി കാര്‍ഡ് നല്‍കാനായിട്ടില്ല. നല്ല പ്രചാരണം നല്‍കിയാല്‍ വില്‍പ്പന കൂടുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
എന്നാല്‍, ആവശ്യാനുസരണം കാര്‍ഡുകളുടെ പ്രിന്റിങ് നടക്കുന്നില്ലെന്നാണ് ആക്ഷേപം. കണ്ടക്ടര്‍മാര്‍, മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്, കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍ എന്നിവിടങ്ങളില്‍നിന്ന് കാര്‍ഡ് ലഭിക്കും. കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറാം. കാര്‍ഡില്‍ കൃത്രിമം കാട്ടിയാല്‍ നിയമനടപടിയെടുക്കും. കാര്‍ഡു പൊട്ടുകയോ ഒടിയുകയോ ചെയ്താലോ നഷ്ടപ്പെട്ടാലോ മാറ്റി നല്‍കില്ല. നിശ്ചിത തുക നല്‍കിയാല്‍ പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്ക് മാറ്റാം.




