പെരിയ: കേരള കേന്ദ്ര സര്‍വകലാശാല, നാഷണല്‍ സര്‍വ്വീസ് സ്‌കീം സെല്‍ കേരള, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍എസ്എസ് വളണ്ടിയേഴ്സിനായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്ത നിവാരണ പരിശീലന പരിപാടിക്ക് തുടക്കം. പെരിയ ക്യാമ്പസില്‍ നടക്കുന്ന ഏഴ് ദിവസത്തെ ക്യാമ്പ് ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.വി. വിനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആപത് മിത്ര മാസ്റ്റര്‍ ട്രെയിനര്‍ രതീഷ് കല്ല്യോട്ട് സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി നന്ദിയും പറഞ്ഞു.
ജനുവരി 17ന് സമാപിക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ എന്‍എസ്എസ് സെല്ലുകളിലെ തെരഞ്ഞെടുക്കപ്പെട്ട 150ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ദുരന്തം നേരിടുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പരിശീലനവും അവബോധവും നല്‍കുകയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച ക്യാമ്പിന്റെ ലക്ഷ്യം. ദുരന്തനിവാരണ ഉപകരണങ്ങളുടെ ഉപയോഗം, അടിയന്തര സാഹചര്യങ്ങളിലെ സഹായമെത്തിക്കല്‍, മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധിക്കുന്നതിനായി പ്രാദേശികതലത്തില്‍ ശക്തമായ യുവജന സേന കെട്ടിപ്പടുക്കുകയാണ് ഉദ്ദേശ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും എമര്‍ജന്‍സി റെസ്പോണ്‍സ് കിറ്റുകളും നല്‍കും.




