പുനഃസ്ഥാപിച്ച മാസം തന്നെ ക്ഷാമം; നീല വെള്ള കാര്‍ഡുകള്‍ക്ക് നല്‍കാന്‍ ആട്ടയില്ല

ആലപ്പുഴ: പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യാന്‍ റേഷന്‍ കടകളില്‍ ആട്ടയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിയ ആട്ടവിഹിതം ഈമാസം മുതല്‍ പുനഃസ്ഥാപിച്ചതായി ഉത്തരവിറക്കിയെങ്കിലും സ്റ്റോക്ക് എത്തിക്കുന്നതില്‍ ഭക്ഷ്യവകുപ്പിന് വീഴ്ചയുണ്ടായി. ഇതോടെ, റേഷന്‍ കടകളില്‍ ആട്ടതേടിയെത്തുന്നവര്‍ വെറും കൈയോടെ മടങ്ങുകയാണ്.

ഓരോ താലൂക്കിലെയും ലഭ്യതയനുസരിച്ച് ഒരു കിലോമുതല്‍ രണ്ടുകിലോ വരെ ആട്ട ജനുവരിയില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കുമെന്നാണ് ഭക്ഷ്യവകുപ്പ് കഴിഞ്ഞമാസം അറിയിച്ചിരുന്നത്. കൂടാതെ, കഴിഞ്ഞദിവസം കാര്‍ഡുടമകളുടെ ഫോണിലേക്കും ആട്ട ലഭിക്കുമെന്ന വിവരം എസ്.എം.എസ്. സന്ദേശമായും അയച്ചു. ഇതുകണ്ട് എത്തിയവരും ആട്ട കിട്ടാതെ തിരിച്ചുപോകുകയാണ്.

നീല, വെള്ള, കാര്‍ഡുകാര്‍ക്കു പുറമേ വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള എന്‍.പി.ഐ. കാര്‍ഡിനും ഇത്തവണ ആട്ട അനുവദിച്ചിരുന്നു. പരാമവധി ഒരുകിലോയാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. മില്ലുകളില്‍നിന്ന് ആട്ട പാക്കറ്റുകള്‍ ഗോഡൗണുകളില്‍പ്പോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ജില്ലയിലെ 6.2 ലക്ഷം കാര്‍ഡുടമകളില്‍ ഒരുലക്ഷം പേര്‍ ഇതിനകം ജനുവരിയിലെ റേഷന്‍ വാങ്ങിക്കഴിഞ്ഞു. ആട്ട എത്തിയാല്‍ ഇവര്‍ വീണ്ടും അതു വാങ്ങാനായി റേഷന്‍ കടകളിലെത്തേണ്ടിവരും. നിലവില്‍ ആട്ട എപ്പോള്‍ വരുമെന്ന് റേഷന്‍ കടക്കാര്‍ക്കും ഉറപ്പില്ല.

ഗോതമ്പിന്റെ ലഭ്യത കുറഞ്ഞതോടെ ഏതാനും വര്‍ഷം മുന്‍പാണ് നീല, വെള്ളക്കാര്‍ഡുകാര്‍ക്കുള്ള ആട്ടവിഹിതം നിര്‍ത്തലാക്കിയത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഏറെക്കാലമായി ആട്ട നല്‍കിയിരുന്നത്. നിലവില്‍ ഈ വിഭാഗങ്ങളുടെ ആട്ടമാത്രമാണ് റേഷന്‍ കടകളില്‍ സ്റ്റോക്കുള്ളത്. ഓരോ വിഭാഗങ്ങളുടെയും ആട്ടയുടെ വില വ്യത്യസ്തമായതിനാല്‍ വകമാറ്റി നല്‍കാനും കഴിയാത്ത സ്ഥിതിയിലാണ് റേഷന്‍ വ്യാപാരികള്‍.

മഞ്ഞക്കാര്‍ഡുകാരുടെ ആട്ടയ്ക്ക് ഏഴുരൂപയും പിങ്ക് കാര്‍ഡുകാരുടേതിന് ഒന്‍പതുരൂപയുമാണ് നിരക്ക്. നീല, വെള്ള, എന്‍.പി.ഐ. കാര്‍ഡുകാരുടേതിനു 17 രൂപയുമാണ് നിരക്ക്. അതേസമയം തിങ്കളാഴ്ച ആട്ടയെത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മായാദേവി പറഞ്ഞു.

Scroll to Top