ശബരിമല ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ എസ്‌ഐടിയ്ക്ക് വിജിലന്‍സ് കോടതി അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19 ലേക്ക് മാറ്റി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് എസ്‌ഐടി മുന്നോട്ടുവെച്ചതോടെയാണ് ഈ തീരുമാനം കോടതി കൈകൊണ്ടത്. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യഅപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക.
കോടതിയുടെ കസ്റ്റഡിയിലാണ് നിലവില്‍ തന്ത്രിയുള്ളത് അതുകൊണ്ടുതന്നെ ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്‌ഐടി തേടിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠരര് രാജീവരെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് എസ്‌ഐടി മുന്നോട്ട് വെച്ചത്.
അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ജനുവരി 27ന് വീണ്ടും ഹാജരാക്കണം.




