ശബരിമലയില്‍ വരുമാന വര്‍ധനവ്

കാണിക്കയായി ഇത്തവണ ലഭിച്ചത് 110 കോടി രൂപ, നാണയങ്ങളുടെ എണ്ണല്‍ പുരോഗമിക്കുന്നു
പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോര്‍ഡ് വരുമാനമാണിതെന്ന് ജയകുമാര്‍ പറഞ്ഞു.

അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങള്‍ എണ്ണുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് ഈ മാസം 20ന് മുമ്പായി നാണയം എണ്ണല്‍ പൂര്‍ത്തിയാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

51 ലക്ഷം തീര്‍ത്ഥാടകരാണ് തിങ്കളാഴ്ചവരെ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. 44 ലക്ഷം പേര്‍ മണ്ഡലകാലത്തും ഏഴ് ലക്ഷം തീര്‍ത്ഥാടകര്‍ മകരവിളക്ക് ഉത്സവത്തിനുമാണ് എത്തിയത്.
അതേസമയം ഇന്ന് നടക്കുന്ന മകരവിളക്ക് ദര്‍ശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി മകരവിളക്ക് ദര്‍ശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അമ്പതോളം ഡോക്ടര്‍മാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

മകരവിളക്ക് വ്യൂ പോയിന്റുകളില്‍ ആംബുലന്‍സും മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടാകും. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് സുഗമമായ യാത്രക്കായി ആയിരം കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. കനത്ത പൊലീസ് സുരക്ഷാ വിന്യാസവും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് 6.20ന് തിരുവാഭരണ വാഹക സംഘത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. 6.40നാണ് ദീപാരാധന

Scroll to Top