കൊല്ലം: കെഎസ്ആര്‍ടിസിയുടെ കടബാധ്യത സൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ പെരുകുന്നു. 2025 ഒക്ടോബര്‍ 31 വരെയുള്ള കണക്കുപ്രകാരം 17,235.47 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ആകെ ബാധ്യത. ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനടക്കം സര്‍ക്കാര്‍ നല്‍കിയ സഹായവും ‘കട’മായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് കെഎസ്ആര്‍ടിസി എടുത്ത വായ്പയില്‍ 2,692.33 കോടി രൂപ തിരിച്ചടയ്ക്കാന്‍ ബാക്കിയുണ്ട്. 2039 മാര്‍ച്ച് 31 വരെയാണ് ഈ വായ്പയുടെ കാലാവധി.
കെഎസ്ആര്‍ടിസിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഈടായി നല്‍കിയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2018-ല്‍ 3,100 കോടി രൂപ വായ്പയെടുത്തത്. ഹഡ്കോ, എല്‍ഐസി, കേരള സ്റ്റേറ്റ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ജീവനക്കാരുടെ സഹകരണസംഘം എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന വായ്പക്കുടിശ്ശിക ഈ തുക ഉപയോഗിച്ച് അടച്ചുതീര്‍ക്കുകയായിരുന്നു. 2018 മുതല്‍ തിരിച്ചടവ് തുടങ്ങിയെങ്കിലും 407.67 കോടി രൂപ മാത്രമേ മുതലിലേക്ക് ഇതുവരെ അടച്ചിട്ടുള്ളൂ.
പലയിനങ്ങളിലായി ജീവനക്കാര്‍ക്ക് 849.44 കോടി കെഎസ്ആര്‍ടിസി നല്‍കാനുണ്ട്. ജീവനക്കാരില്‍നിന്നു പിടിച്ചശേഷം ധനകാര്യസ്ഥാപനങ്ങളിലേക്ക് അടയ്ക്കാനുള്ള തുകയടക്കമുള്ള കണക്കാണിത്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) പ്രകാരം ജീവനക്കാരില്‍നിന്നു പിരിച്ചെടുത്ത തുകയും മാനേജ്മെന്റ് വിഹിതവും ചേര്‍ത്ത് 443.94 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ട്.
പെന്‍ഷന്‍ ആനുകൂല്യമായി കെഎസ്ആര്‍ടിസി നല്‍കാനുള്ളത് 110.53 കോടിയാണ്. ഗഡുക്കളായും മറ്റുമാണ് ഈ തുക നല്‍കിവരുന്നത്. 2022 ഒക്ടോബര്‍മുതലുള്ള ഡ്രൈവര്‍മാരുടെ അഡീഷണല്‍ അലവന്‍സ് ഇനത്തില്‍ 35 കോടി നല്‍കാന്‍ ബാക്കിയാണ്. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയമായി ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത 8.94 കോടി രൂപ കെഎസ്ആര്‍ടിസി അടച്ചിട്ടില്ല.
ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കിനല്‍കാമെന്ന കരാര്‍ (നോണ്‍ ഡിപ്പാര്‍ട്ട്മെന്റല്‍ റിക്കവറി) ഒപ്പിട്ടശേഷം പണം പിടിക്കുകയും ഇത് ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കാതിരിക്കുകയുമാണ് കോര്‍പ്പറേഷന്‍. ഇത്തരത്തില്‍ ജീവനക്കാരില്‍നിന്നു പിരിച്ചെടുത്ത 34.92 കോടി അടയ്ക്കാനുണ്ട്. ഇതിലെല്ലാം സുപ്രീംകോടതിമുതല്‍ വിവിധ കോടതികളില്‍ കേസുകള്‍ നടന്നുവരികയാണ്. കേസ് നടത്തിപ്പ് വഴി വന്‍തുകയാണ് ഓരോ വര്‍ഷവും നഷ്ടമാകുന്നത്.




