ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍
വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് നിരക്ക് കണക്കാക്കുന്ന രീതി റെയില്‍വേയുടെ ‘ബിസിനസ് രഹസ്യവും’ വാണിജ്യപരമായ വിശ്വാസ്യതയുമായി ബന്ധപ്പെട്ട കാര്യവുമാണെന്ന് റെയില്‍വേ ബോര്‍ഡ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം നിരക്ക് നിര്‍ണ്ണയത്തിന്റെ വിശദാംശങ്ങള്‍ തേടി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടാണ് റെയില്‍വേയുടെ ഈ വിശദീകരണം. ബേസ് ഫെയര്‍ കണക്കാക്കുന്ന രീതി, ഡൈനാമിക് പ്രൈസിംഗ്, തല്‍ക്കാല്‍ ബുക്കിംഗ് എന്നിവ ടിക്കറ്റ് നിരക്കിനെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, നിരക്ക് നിശ്ചയിക്കുന്ന നയങ്ങള്‍ റെയില്‍വേയുടെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 പ്രകാരം ഇതിന് ഇളവുണ്ടെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.
റെയില്‍വേ ഒരു വാണിജ്യ സ്ഥാപനം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലാഭവിഹിതം പൊതുജന നന്മയ്ക്കായി വിനിയോഗിക്കുന്നതിനാല്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. റെയില്‍വേയുടെ വാദം അംഗീകരിച്ച കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.
ടിക്കറ്റ് നിരക്ക് നിര്‍ണ്ണയം ‘ബിസിനസ് രഹസ്യം’; വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് റെയില്‍വേ




