വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം: ഉദ്ഘാടനം ജനുവരി 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ അദാനി ഗ്രൂപ്പ് വഴി തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും.
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജനുവരി 24ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗൗതം അദാനിയോ കരണ്‍ അദാനിയോ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028-ഓടു കൂടി പൂര്‍ത്തീകരിക്കും.
ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ മൂന്ന് കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്റര്‍ ആയി വികസിപ്പിക്കും.
ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Scroll to Top