തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് ഇടനിലക്കാരരെ ഭാഗികമായെങ്കിലും കുടിയിറക്കാന്‍ കഴിഞ്ഞുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ ഇവിടെ സ്വീകാര്യരല്ല എന്ന ഒരു സന്ദേശം നല്‍കാന്‍ കഴിഞ്ഞുവെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു,? കൗമുദി ടി.വിയുടെ സ്‌ട്രെയ്റ്റ് ലൈന്‍ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഭക്തര്‍ക്കും അയ്യപ്പനും ഇടയില്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ജയകുമാര്‍ പറഞ്ഞു.
മകര വിളക്ക് സമയത്ത് സന്നിധാനത്ത് 125 മുറികള്‍ സാധാരണക്കാരായ ഭക്തര്‍ക്ക് അനുവദിക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പൊക്കെ ഇതായിരുന്നില്ല സ്ഥിതി. ഇടനിലക്കാരും ഏജന്‍സികളും ഈ മുറികള്‍ സ്വന്തമാക്കി ഒന്നര ലക്ഷത്തിനൊക്കെ വില്‍ക്കുമായിരുന്നു. ഈ മുറികളാണ് 2500-3000 രൂപയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയത്. ദേവസ്വം ബോര്‍ഡിന്റെ സൗകര്യങ്ങളെ ഇടനിലക്കാര്‍ ദുരുപയോഗം ചെയ്ത് വിളയാടുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചു. ഡോണേഴ്സിന്റെ മുറികളിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.
ശബരിമലയില്‍ എന്റെ സ്വഭാവം വേറെയാണ്. ഒരു ഇടനിലക്കാരനെയും ഇവിടെ കയറ്റില്ല. പരമ്പരാഗതമായി അവിടെ ഇല്ലാത്ത അധികാരം സ്ഥാപിച്ച് അവരുടെ നാട്ടില്‍ പണം പിരിക്കുന്ന അവതാരങ്ങള്‍ക്ക് അത്ര എളുപ്പമാവില്ല ഇനി ശബരിമലയില്‍ എന്ന സന്ദേശം കൊടുക്കാന്‍ കഴിഞ്ഞുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ മാര്‍ഗരേഖ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന് കെട്ടിടം നിര്‍മ്മിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ മാത്രമേ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് പോകൂ,? നേരിട്ട് സമീപിക്കും. എഗ്രിമെന്റ് തയ്യാറാക്കി കൃത്യമായി സുതാര്യതയോടെ കൈകാര്യം ചെയ്യും. മേല്‍വിലാസമുള്ള,? ഇന്‍കംടാക്‌സ് കൊടുക്കുന്ന സ്‌പോണ്‍സര്‍ മതിയെന്നും ജയകുമാര്‍ വ്യക്തമാക്കി.




