വീട് പണിക്കിടെ ലഭിച്ചത് സ്വര്‍ണനിധി: പിന്നാലെ സ്ഥലം ഏറ്റെടുത്ത് വ്യാപക തെരച്ചില്‍ ആരംഭിച്ച് സര്‍ക്കാര്‍

വീട് പണിക്കിടെ ലഭിച്ചത് സ്വര്‍ണനിധി: പിന്നാലെ സ്ഥലം ഏറ്റെടുത്ത് വ്യാപക തെരച്ചില്‍ ആരംഭിച്ച് സര്‍ക്കാര്‍

ഗദഗ്: വീടിന് തറയെടുക്കുന്നതിനിടെ നിധി കണ്ടെത്തിയ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ചരിത്രപ്രസിദ്ധമായ ലക്കുണ്ഡി മേഖലയില്‍ വ്യാപക പരിശോധന ആരംഭിച്ച് സര്‍ക്കാര്‍. ശില്‍പ്പകലാ പൈതൃകത്തിന് പേരുകേട്ട ലക്കുണ്ഡിയിലെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്താണ് സമഗ്ര ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ്, പുരാവസ്തു-മ്യൂസിയം-പൈതൃക വകുപ്പ്, ലക്കുണ്ഡി ഹെറിറ്റേജ് ഡെവലപ്‌മെന്റ് അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ജെസിബികള്‍, ലോറികള്‍, ട്രാക്ടറുകള്‍ എന്നിവ എത്തിച്ചാണ് ഖനനം. പത്ത് മീറ്റര്‍ നീളവും വീതിയുമുള്ള പ്രദേശമാണ് ഖനനത്തിനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ മേഖല ഔദ്യോഗികമായി ഖനന മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരുകാലത്ത് ചാലൂക്യര്‍, രാഷ്ട്രകൂടര്‍, ഹോയ്‌സളര്‍, കല്‍ചൂരി വംശങ്ങള്‍, വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ എന്നിവരുടെ ഭരണത്തിലായിരുന്ന പ്രദേശമാണ് ലക്കുണ്ഡി.

വീട് നിര്‍മിക്കാന്‍ അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു വന്‍ നിധിശേഖരം കണ്ടെത്തിയത്. ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോഴാണ് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയിലുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ റിട്ടിയാണ് പാത്രവും അതിലെ സ്വര്‍ണവും ആദ്യമായി കണ്ടത്. ഉടന്‍ തന്നെ കുട്ടി വിവരം ഗ്രാമത്തിലെ മുതിര്‍ന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.

പുരാതനകാലത്ത് സ്വര്‍ണനാണയങ്ങള്‍ നിര്‍മ്മിച്ചിരുന്ന കേന്ദ്രങ്ങളിലൊന്നായിരുന്നു ലക്കുണ്ഡിയെന്നും പുരാവസ്തു വകുപ്പിലെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതാണ് പ്രദേശത്ത് വിലപ്പെട്ട നിധികള്‍ അടങ്ങിയിരിക്കാമെന്ന വിശ്വാസം ശക്തമാക്കുന്നത്. സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍, മുത്തുകള്‍, മാണിക്യങ്ങള്‍, കൊറല്‍, വെരിക്കണ്ണ് കല്ലുകള്‍ എന്നിവ ഉള്‍പ്പെടെ വിലപ്പെട്ട നിധികള്‍ ഭൂമിക്കടിയില്‍ മറഞ്ഞിരിക്കാമെന്ന വിശ്വാസത്തിലാണ് ഇപ്പോഴത്തെ ഖനനം. ”ചരിത്രപരമായി ലക്കുണ്ടി സമൃദ്ധമായ ഒരു വ്യാപാര-സാംസ്‌കാരിക കേന്ദ്രമായിരുന്നു. വലിയ തോതിലുള്ള ഭൗതിക സമ്പത്ത് ഇപ്പോഴും ഭൂഗര്‍ഭത്തില്‍ ഒളിഞ്ഞിരിക്കാനുള്ള ശക്തമായ തെളിവുകളുണ്ട്,” ഖനനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

2024 നവംബറില്‍ നടത്തിയ പരിശോധനയില്‍ ലക്കുണ്ഡിയില്‍ നിന്ന് ആയിരക്കണക്കിന് പുരാതന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം അടുത്തിടെ ആഭരണങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയത്. ഇപ്പോഴും വിവിധ ഭാഗങ്ങളില്‍ നിന്ന് നീലക്കല്ലുകള്‍, മുത്തുകള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍, വെരിക്കണ്ണ് കല്ലുകള്‍ എന്നിവ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഖനനം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണെന്നും, കര്‍ണാടകയുടെ മധ്യകാല ചരിത്രവുമായി ബന്ധപ്പെട്ട ശിലാലിഖിതങ്ങള്‍, സ്മാരകങ്ങള്‍, ശില്‍പ്പങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും പുരാവസ്തു വിദഗ്ധര്‍ വ്യക്തമാക്കി.

Scroll to Top