ലോകകപ്പിന് മുമ്പ് വമ്പന്‍ പരീക്ഷണം; നിര്‍ണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ

ലോകകപ്പിന് മുമ്പ് വമ്പന്‍ പരീക്ഷണം; നിര്‍ണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; നാളെ ശ്രേയസിന് പകരം മറ്റൊരു താരം

ന്യൂസിലാന്‍ഡിനെതിരെയുള്ള ടി 20 പരമ്പര നാളെ തുടങ്ങാനിരിക്കെ നിര്‍ണായക അപ്ഡേറ്റ് പുറത്തുവിട്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ മത്സരത്തിന് മുന്നേയുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രതികരണം.

ഇഷാന്‍ നാളെ മൂന്നാം നമ്പറില്‍ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങള്‍ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാല്‍ അവന് അവസരം നല്‍കുന്നതാണ് നീതി’ സൂര്യകുമാര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് ഇഷാന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലന്‍ഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. 2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാന്‍ കിഷന്‍ നീലക്കുപ്പായത്തില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. മിന്നും പ്രകടനം കാഴ്ച വെക്കാനായാല്‍ ടി 20 ലോകകപ്പിലും സ്ലോട്ട് അവകാശപ്പെടാന്‍ താരത്തിനാകും. നിലവില്‍ വിക്കറ്റ് കീപ്പര്‍ സ്ലോട്ടിനുള്ളത് സഞ്ജു സാംസണ്‍ ആണ്.

Scroll to Top