പപ്പായ വിത്ത് കാന്‍സറിനെ പ്രതിരോധിക്കുമോ?
നല്ല പഴുത്ത പപ്പായ കിട്ടിയാല്‍ തൊലി കളഞ്ഞ് മുറിച്ച് അതിലെ വിത്തും കളഞ്ഞ ശേഷം കഷ്ണങ്ങളാക്കി കഴിക്കുക, അല്ലെങ്കില്‍ ജ്യൂസാക്കി കുടിക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ ഈ വിത്തിന് കാന്‍സറിനെ തടയാന്‍ കഴിയുമെന്ന് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ. ബയോ ആക്ടീവ് സംയുക്തങ്ങളായ ഐസോതിയോസയനേറ്റ്, ലൈകോപീന്‍ എന്നിവ പപ്പായ വിത്തുകളിലുണ്ട്. ഇവ ചില അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ കഴിവുള്ളവയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മനുഷ്യരില്‍ പഠനമൊന്നും നടന്നിട്ടില്ലെന്നതാണ് വാസ്തവം.
അതേസമയം രക്തത്തിലെ കൊളസ്ട്രോളിനെയും പഞ്ചസാരയെയും കുറയ്ക്കാന്‍ പപ്പായ വിത്തിന് സഹായിക്കുമെന്ന് എലികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല എന്റമീബ ഹിസ്റ്റോളിക്കയെന്ന അമീബയ്ക്ക് എതിരെ പപ്പായ വിത്തിന്റെ സത്ത് പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പപ്പായ വിത്തുകള്‍ രോഗപ്രതിരോധശേഷി കൂട്ടും. ചര്‍മത്തിനും നല്ലതാണ്. പപ്പായ വിത്തുകള്‍ ഉണക്കി തേനില്‍ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കുമെന്നാണ് പറയുന്നത്. പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന പപ്പൈയ്ന്‍ പോലുള്ള സംയുക്തങ്ങള്‍ പപ്പായ വിത്തിലുണ്ട്. അതിനാല്‍ ദഹനവുമായി ബന്ധപ്പെട്ട പരിഹാരമാര്‍ഗങ്ങള്‍ക്ക് പപ്പായ വിത്ത് ഉപയോഗപ്പെടുത്താം. അള്‍സറിനും ഇതൊരു പരിഹാരമാണെന്ന് പറയപ്പെടുന്നുണ്ട്.




