ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു, ഇനി മഞ്ചേരി ജയിലില്‍
കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി റിമാന്‍ഡില്‍. വടകര സ്വദേശിനിയായ ഷിംജിത
മുസ്തഫയെയാണ് കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ് ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ബുധനാഴ്ച
ഉച്ചയോടെയാണ് ഷിംജിതയെ പോലീസ് അറസ്റ്റ്ചെയ്തത്.
ഒളിവില്‍ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ
പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും
പൂര്‍ത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ
പോലീസ് സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളില്‍ സംശയമുണ്ടെന്നും
ഇവര്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവില്‍പോയിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളും
ആരംഭിച്ചു. ഇതിനുപിന്നാലെയാണ്ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരില്‍ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതി മനഃപൂര്‍വം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട്
വിവിധ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.




