14 കോടിയുടെ താരത്തിന് പരിക്ക്! സിഎസ്‌കെക്ക് പണി കിട്ടുമോ?
2026 ഐപിഎല്‍ ലേലത്തില്‍ 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ച അണ്‍ക്യാപ്ഡ് താരം പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫി മത്സരത്തില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ജാര്‍ഖണ്ഡിനെതിരെയുള്ള മത്സരത്തില്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്താണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ തോളിലാണ് പരിക്കേറ്റത്.
ഫീല്‍ഡില്‍ ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷം താരത്തെ സ്‌കാനിങ്ങിനായി മൈതാനത്തിന് പുറത്ത് കൊണ്ടുപോയി. കയ്യില്‍ ഒരു സ്ലിംഗുമായാണ് താരം തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയിലെ ബാക്കി മത്സരങ്ങളില്‍ താരം കളിച്ചേക്കുമോ എന്നുള്ളത് സംശയകരമാണ്.
മൂന്നാഴ്ച്ചയോളം താരത്തിന് വിശ്രമം ആവശ്യമായിരിക്കും. എന്നാല്‍ ടി-20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഐപിഎല്ലില്‍താരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് 20 കാരനായ പ്രശാന്ത് വീര്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തുന്നത്. യുപിക്കായി ഈ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഏഴ് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് താരം നേടി. 170 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സും സ്‌കോര്‍ ചെയ്തു.




