മൂന്നു ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ജില്ലാതല നിയമനങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് സ്ഥലംമാറ്റമില്ല

തിരുവനന്തപുരം: കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നതിന് നിയമനത്തിലും സ്ഥലംമാറ്റത്തിനും വ്യവസ്ഥകളേര്‍പ്പെടുത്തി സര്‍ക്കാര്‍. ഈ ജില്ലകള്‍ തിരഞ്ഞെടുത്ത് ജില്ലാതലനിയമനത്തിനായി പിഎസ്സി പരീക്ഷ എഴുതുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തേക്ക് സ്ഥലംമാറ്റം, വര്‍ക്കിങ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷന്‍, മ്യൂച്വല്‍ ട്രാന്‍സ്ഫര്‍ എന്നിവ അനുവദിക്കില്ല. ഈ വ്യവസ്ഥ പിഎസ്സി വിജ്ഞാപനത്തില്‍ത്തന്നെ ഉള്‍പ്പെടുത്തും.

സ്ഥാനക്കയറ്റവും ഈ ജില്ലകളില്‍ത്തന്നെ പരിമിതപ്പെടുത്താവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരിശീലനസമയത്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം എഴുതിവാങ്ങാനും നിര്‍ദേശമുണ്ട്. തദ്ദേശവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും ഈ ജില്ലകള്‍ തിരഞ്ഞെടുത്ത് പരീക്ഷയെഴുതി നിയമനം നേടിയശേഷം മറ്റുജില്ലകളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോവുന്നത് ഒഴിവാക്കാനും ഈ നടപടി ഉപകരിക്കുമെന്ന് കരുതുന്നു.

കാസര്‍കോട്, ഇടുക്കി, വയനാട് പാക്കേജുകള്‍ നടപ്പാക്കുന്നതിനാവശ്യമായ ജീവനക്കാരില്ലെന്നു കണ്ടതോടെയാണ് തീരുമാനം. നേരത്തേ ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെകൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭാ അനുമതിയോടെ വ്യവസ്ഥകള്‍ കൊണ്ടുവരുന്നത്.
തദ്ദേശവാസികളായ ഉദ്യോഗാര്‍ഥികളുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് നിയമനം താത്പര്യമുള്ളവര്‍ക്ക് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നല്‍കുക. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവവഴി ഈ ജില്ലകളില്‍ നിയമനം ലഭിക്കുന്നവര്‍ അവധിയെടുത്തുപോകുന്ന പ്രവണത അവസാനിപ്പിക്കാന്‍ ഒഴിവാക്കാനാവാത്ത മെഡിക്കല്‍ സാഹചര്യങ്ങളില്‍മാത്രം അവധിയനുവദിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.

അധികപരിഗണന
ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്, ഈ ജില്ലകളിലെ ജീവനക്കാരുടെ ഒരുവര്‍ഷത്തെ സേവനം, മറ്റുജില്ലകളിലെ രണ്ടുവര്‍ഷത്തെ സേവനത്തിനു തുല്യമായി പരിഗണിക്കും. നീണ്ട അവധിയെടുക്കുന്നവര്‍ അത്രയും ദിവസംകൂടി അധികമായി ആ ജില്ലകളില്‍ ജോലിചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലംമാറ്റത്തിന്റെ കൂട്ടത്തിലല്ലാതെ അത്തരക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കുകയും ചെയ്യും. ഈ ജില്ലകളില്‍ നിര്‍ബന്ധിത സേവനത്തിനായി നിയമിക്കപ്പെടുന്നവര്‍ക്ക് പിന്നീട് അവര്‍ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് മുന്‍ഗണന നല്‍കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവില്‍ വ്യവസ്ഥകൊണ്ടുന്നിട്ടുണ്ട്.

Scroll to Top