അനന്തപൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിയെ നേരിടുന്ന ഇന്ത്യ ഡിക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ സിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. 13 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതും റണ്ണൊന്നുമെടുക്കാതെ അക്‌സര്‍ പട്ടേലും ക്രീസില്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(9) നിരാശപ്പെടുത്തിയപ്പോള്‍ ടെസ്റ്റ് ടീമിലെത്താന്‍ ശ്രമിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പൂജ്യത്തിന് പുറത്തായി. അഥര്‍വ ടൈഡെ(4), യാഷ് ദുബെ(10), റിക്കി ബൂയി(4) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യ ഡിക്ക് തുടക്കത്തിലെ നഷ്ടമായി.
പരിക്കേറ്റ ഇഷാന്‍ കിഷന് പകരം ടീമിലെത്തിയെങ്കിലും മലയാളി താരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. മറ്റൊരു പോരാട്ടത്തില്‍ ഇന്ത്യ ബിക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്റെ വിക്കറ്റാണ് ഇന്ത്യ ബിക്ക് നഷ്ടമായത്. ആവേശ് ഖാനാണ് വിക്കറ്റ്. യശസ്വി ജയ്സ്വാള്‍(25), മുഷീര്‍ ഖാന്‍(4) എന്നിവരാണ് ക്രീസിലുള്ളത് ഇന്ത്യ ബിക്കായി ഇറങ്ങാനുള്ള സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കോലി അടച്ചത് 64 കോടി; ആദായ നികുതിയായി കൂടുതല്‍ തുക അടച്ച കായിക താരങ്ങള്‍
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇടം പ്രതീക്ഷിക്കുന്ന നിരവധി താരങ്ങളാണ് നാലു ടീമുകളിലായി ദുലീപ് ട്രോഫിയില്‍ മാറ്റുരക്കുന്നത്. ഇഷാന്‍ കിഷന്‍ പരിക്കുമൂലം പിന്‍മാറിയതോടെയാണ് മലയാളി താരം സഞ്ജു സാംസണ് അവസാന നിമിഷം ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമില്‍ ഇടം നല്‍കിയത്