കണ്ണൂര്‍: അമൃത് ഭാരത് എക്സ്പ്രസ് വെള്ളിയാഴ്ചമുതല്‍ ഓടിത്തുടങ്ങി. സ്ഥിരം സര്‍വീസ് ഉടന്‍ തുടങ്ങും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സുഖയാത്ര ചെയ്യാം. ശീതീകരിക്കാത്ത 22 കോച്ചുള്ള വണ്ടിയില്‍ ജനറല്‍ സിറ്റിങ്ങും സ്ലീപ്പര്‍ കോച്ചുമാണ് ഉള്ളത്. ജനറല്‍ സിറ്റിങ് നിരക്കില്‍ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററാണ്. 35 രൂപയാണ് നിരക്ക്. സ്ലീപ്പര്‍ ടിക്കറ്റില്‍ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. 165 രൂപയാണ് നിരക്ക്. എക്സ്പ്രസ് വണ്ടികളിലെ സ്ലീപ്പറിന് 150 രൂപയാണ് (200 കിമീ) കുറഞ്ഞ നിരക്ക്. ഇന്ത്യയില്‍ ഓടുന്ന ചില അമൃത് ഭാരത് വണ്ടികള്‍ സൂപ്പര്‍ഫാസ്റ്റുകളാണ്. ഇവയുടെ ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജും കൂടും. അമൃത് ഭാരത് സ്ലീപ്പറില്‍ 300 കിലോമീറ്ററിന് 230 രൂപ (എക്സ്പ്രസ് നിരക്ക്-215 രൂപ). 400 കിലോമീറ്ററില്‍ 280 രൂപ (എക്സ്പ്രസ് നിരക്ക്-260 രൂപ). 500 കിലോമീറ്ററിന് 335 രൂപ (എക്സ്പ്രസ് നിരക്ക്-310 രൂപ).
സമയക്രമത്തില്‍ പ്രതിഷേധം
രാത്രി/പകല്‍ വണ്ടിയായി ഓടുന്ന നാഗര്‍കോവില്‍-മംഗളൂരു ജങ്ഷന്‍ വണ്ടിയുടെ (16329/16330) സമയക്രമത്തില്‍ പ്രതിഷേധം. 17 മണിക്കൂറാണ് ഇത് ഓടാനെടുക്കുന്ന സമയം. ചൊവ്വാഴ്ചകളില്‍ രാവിലെ 11.40-ന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന വണ്ടി 20 സ്റ്റോപ്പുകളില്‍ നിര്‍ത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവില്‍ എത്തും. 50 സ്റ്റോപ്പുകളിലധികം ഉള്ള പരശുറാം ഇതേ സമയമാണ് എടുക്കുന്നത്. മലബാറുകാര്‍ക്ക് കണ്ണൂരിനും മംഗളുരൂവിനും ഇടയില്‍ (132 കിമീ) ഒരു സ്റ്റോപ്പ് മാത്രം അനുവദിച്ചതും തിരിച്ചടിയായി.
കണ്ണൂരില്‍നിന്ന് 86 കിമീ ദൂരമുള്ള കാസര്‍കോട്ട് മാത്രമാണ് സ്റ്റോപ്പ്. മംഗളൂരുവില്‍നിന്ന് ബുധനാഴ്ചകളില്‍ രാവിലെ എട്ടിന് തിരിച്ച് പുറപ്പെടും. രാത്രി 10.05-ന് നാഗര്‍കോവിലില്‍ എത്തും. എന്നാല്‍ ഓട്ടത്തിന് എടുക്കുന്നത് 14 മണിക്കൂര്‍ മാത്രമാണ്.
കണ്ണൂരില്‍ വരവേല്‍പ്പ്
: അമൃത് ഭാരത് എക്സ്പ്രസിന് കണ്ണൂരില്‍ വരവേല്‍പ്പ് നല്‍കി. രാത്രി 10-ന് കണ്ണൂരിലെത്തിയ വണ്ടിക്ക് നോര്‍ത്ത് മലബാര്‍ റയില്‍വേ പാസഞ്ചേഴസ് കോഡിനേഷന്‍ കമ്മിറ്റി (എന്‍എംആര്‍പിസി) സ്വീകരണം നല്കി. ലോക്കോ പൈലറ്റുമാര്‍ക്ക് മാല അണിയിച്ചു. യാത്രക്കാര്‍ക്ക് മധുരപലഹാരം നല്‍കി. കണ്ണൂര്‍ സ്റ്റേഷന്‍ മാനേജര്‍ എസ്. സജിത്ത്കുമാര്‍, ചെന്നൈ സോണ്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് അംഗം റഷീദ് കവ്വായി, എന്‍എംആര്‍പിസി ജനറല്‍ കണ്‍വീനര്‍ ദിനു മൊട്ടമ്മല്‍, ആര്‍ട്ടിസ്റ്റ് ശശികല, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാര്‍, രാജു ചാള്‍സ്, അഹമ്മദ് അഷ്‌റഫ് പാറക്കണ്ടി, ഗഫൂര്‍ കാവിന്‍മൂല, പി. അഷ്‌റഫ്, കെ. മോഹനന്‍, പി.കെ. വത്സരാജ്, സൗമി ഇസബല്‍ തുടങ്ങിയവ നേതൃത്വംനല്‍കി. നാഗര്‍കോവില്‍-മംഗളൂരു റൂട്ടിലാണ് അമൃത് ഭാരത് എക്‌സ്പ്രസ് ഓടുക.
അമൃത് ഭാരത് ട്രെയിനുകള്‍
നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത്(16329)
:ചൊവ്വാഴ്ചകളില്‍ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. അന്നേദിവസമുള്ള മടക്കയാത്രയില്‍ മംഗളൂരുവില്‍നിന്നു രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയാണ് യാത്ര.
താംബരം-തിരുവനന്തപുരം അമൃത് ഭാരത്(16121)
:ബുധനാഴ്ചകളില്‍ വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ യാത്ര വ്യാഴാഴ്ച പുറപ്പെടും. രാവിലെ 10.40-ന് പുറപ്പെട്ട് അന്ന് രാത്രി 11.45-ന് താംബരത്ത് എത്തും. മധുര, നാഗര്‍കോവില്‍ വഴിയാണ് യാത്ര.
:ചര്‍ലപ്പള്ളി(ഹൈദരാബാദ്)യില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്ത് എത്തും. അന്നേദിവസം വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ചര്‍ലപ്പള്ളിയിലെത്തും.
കോട്ടയം, എറണാകുളം, ജോലാര്‍പെട്ട, ഗുണ്ടൂര്‍, വഴിയാണ് യാത്ര.
നാഗര്‍കോവില്‍ -മംഗലാപുരം, ചര്‍ലപ്പള്ളി- തിരുവനന്തപുരം വണ്ടികള്‍ 27-നും താംബരം-തിരുവനന്തപുരം വണ്ടി 28-നുമാണ് സര്‍വീസ് തുടങ്ങുന്നത്.




