ജയില്‍ തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.
2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. ഇതിനുമുന്‍പ് വേതനം പരിഷ്‌കരിച്ചത് 2018ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനേക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏഴു വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയത്.
സ്‌കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്‌കില്‍ഡില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ ജയിലുകളില്‍ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളില്‍ 230 രൂപയായിരുന്നു കൂലി.




