ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. ഒമ്പത് ഇന്നിംഗ്സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
ഇന്നലെ ഇന്ത്യക്കെതിരെയുള്ള ഫൈനലില്‍ താരം സെഞ്ച്വറി നേടിയിരുന്നു. 101 റണ്‍സ് നേടിയ ലോറ പുറത്താകുന്നത് വരെ ഇന്ത്യന്‍ വനിതകള്‍ വിജയം ഉറപ്പിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് നേടിയ ലോറയാണ് ദക്ഷിണാഫ്രിക്കയെ ഫൈനലിലേക്ക് നയിച്ചത്.
നവി മുംബൈ സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍പ്പിച്ചത്. ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റണ്‍സില്‍ അവസാനിച്ചു.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തില്‍ 11 ഫോറുകളും ഒരു സിക്സറും അടക്കമായിരുന്നു ലോറയുടെ 101 റണ്‍സിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ അഞ്ചു വിക്കറ്റും ഷെഫാലി വര്‍മ രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45) എന്നിവര്‍ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹര്‍മന്‍പ്രീത് കൗര്‍(20 ) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.




