റോയ് സി ജെയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നല്‍കി. ഇന്‍കം ടാക്‌സ് പരിശോധനയില്‍ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുറിയില്‍ പരിശോധന നടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ പോയി സ്വയം നിറയൊഴിക്കാന്‍ ആകുന്നതെങ്ങനെ എന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അതേസമയം റോയ് സിജെ ആത്മഹത്യ ചെയ്യാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്യുടെ ഡയറിയില്‍ ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പിന് സമാനമായ ചില വിവരങ്ങളാണ് റോയ്യുടെ ഡയറിയിലുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Scroll to Top